Kozhikode

108 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍; പിടിച്ചെടുത്തത് കോഴിക്കോട് വിതരണം ചെയ്യാന്‍ കൊണ്ടുപോയ ലഹരിവസ്തു

Please complete the required fields.




കോഴിക്കോട്: മുത്തങ്ങ ചെക്പോസ്റ്റ് വഴി കടത്തുകയായിരുന്ന 108 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. സംഭവത്തില്‍ എളേറ്റില്‍ വട്ടോളി പെട്രോള്‍ പമ്പിന് സമീപം തീയ്യകണ്ടിയില്‍ ജ്യോതിഷ് (കുഞ്ഞാവ 28), പുന്നശ്ശേരി അമ്പലമുക്ക് തോട്ടത്തില്‍ ജാബിര്‍ (28) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ജ്യോതിഷിന്റെ കയ്യില്‍ നിന്നും മുന്‍പും കഞ്ചാവ് പിടികൂടിയിട്ടുണ്ട്.

ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ കുടുങ്ങിയത്. മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥ സംഘം. മൈസൂരില്‍ നിന്നും വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ സംശയാസ്പദമായി കണ്ട ജ്യോതിഷിനെയും ജാബിറിനെയും ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്ത് വെളിവായത്. കര്‍ണാടകയില്‍ നിന്നും കോഴിക്കോട്ട് എത്തിച്ച് വിതരണം നടത്തുന്നതിനായിട്ടുള്ളതാണ് എംഡിഎംഎ എന്നാണ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരം. ഇരുവര്‍ക്കുമെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍. ഹരിനന്ദനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം.ബി. ഹരിദാസന്‍, കെ.വി. പ്രകാശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി. അന്‍വര്‍, കെ.ആര്‍. ധന്വന്ദ്, ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Back to top button