വ്യാജ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് സഹായികളായി പ്രവര്‍ത്തിച്ചുവെന്ന കേസ്; പ്രതികളെ കോടതി വെറുതെ വിട്ടയച്ചു

താമരശ്ശേരി: വ്യാജ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് സഹായികളായി പ്രവര്‍ത്തിച്ചുവെന്ന കേസിലെ പ്രതികളായ പോസ്റ്റല്‍ ജീവനക്കാരനെയും പോലീസ് ഉദ്യോഗസ്ഥനെയും അല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. കേസിലെ 3, 4, 5 പ്രതികളായ മേലാറ്റൂര്‍ വേങ്ങൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന് ആയിരുന്ന ഭാസ്കരന്, പോസ്റ്റ് മാസ്റ്റര്‍ മുസമ്മില്‍ ഖാന്, മേലാറ്റൂര്‍ പോലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ് കാണ്‍സ്റ്റബിള്‍ ഉമ്മര്‍ എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2)വെറുതെ വിട്ടത്.
പത്തനംതിട്ട സ്വദേശിനിയായ സജിന(30)വ്യാജ രേഖകള്‍ സമര്‍പ്പിച്ച് പാസ്പോര്‍ട്ട് കൈക്കലാക്കിയതിന് കോടഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. കേസിലെ ഒന്നാം പ്രതിയായ സജിന ഒളിവില്‍ പോയതിനാല്‍ വിചാരണയ്ക്ക് ഹാജരായിരുന്നില്ല. ട്രാവല്‍ ഏജന്റ് ആയിരുന്ന രണ്ടാം പ്രതി കോഴിക്കോട് സ്വദേശി മുഹമ്മദ് കോയി വിചാരണയ്ക്ക് മുമ്പേ മരിച്ചിരുന്നു.
പാസ്പോര്‍ട്ടിലെ പേരും വിലാസം വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് പാസ്പോര്‍ട്ട് ഒന്നാം പ്രതിയുടെ കൈവശം എത്തിച്ചു എന്നതായിരുന്നു പോസ്റ്റ് മാനും പോസ്റ്റു മാസ്റ്റര്‍ക്കും എതിരെയുള്ള ആരോപണം. പാസ്പോര്‍ട്ട് അപേക്ഷയിലെ പേരും വിലാസം സത്യസന്ധമായി പരിശോധിക്കാതെ അപേക്ഷ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കി എന്നായിരുന്നു പോലീസുകാരനെതിരെ ചുമത്തിയ കുറ്റം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പാസ്പോര്‍ട്ട് നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണ് സര്‍ക്കാര്‍ ഉദ്യോസ്ഥരായ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചത്. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസ് സൂപ്രണ്ട് ഉള്‍പ്പെടെ 18 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രസക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടതില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഇത് അംഗീകരിച്ചാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. കെ പി ഫിലിപ്പ്. അഡ്വ അന്‍വര്‍ സാദിഖ് മുക്കം എന്നിവര്‍ കോടതിയില്‍ ഹാജരായി.





