Ernakulam

പുരാവസതു വില്‍പ്പനയെന്ന പേരില്‍ കോടികള്‍ തട്ടി; ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയുമെല്ലാം ഡ്യൂപ്ലിക്കേറ്റ്, മോന്‍സന്‍ മാവുങ്കല്‍‍ പിടിയില്‍

Please complete the required fields.




കൊച്ചി : പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ യുവാവ് ക്രൈംബ്രാഞ്ചിന്റെ പിടിയില്‍.

കൊച്ചി കേന്ദ്രീകരിച്ച്‌ പുരാവസ്തുക്കളുടെ വില്‍പ്പന നടത്തിയിരുന്ന മോന്‍സന്‍ മാവുങ്കലിനെ എറണാകുളം ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.

പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയിട്ടുണ്ട്. അത് വിട്ടുകിട്ടാന്‍ ഇപ്പോള്‍ നിയമ തടസങ്ങളുണ്ടെന്ന് പറഞ്ഞ് പലരില്‍ നിന്നായി ഇയാള്‍ നാലു കോടിയിലധികം രൂപ കടം വാങ്ങിപ്പറ്റിച്ചെന്നാണ് കേസ്.

ടിപ്പു സുല്‍ത്താന്റെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു വില്‍പ്പന. ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി അടക്കം തന്റെ പക്കലുണ്ടെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇയാളുടെ പക്കലുള്ള വസ്തുക്കളില്‍ കൂടുതലും ചേര്‍ത്തലയിലെ ഒരു ആശാരിയാണ് ഇവ നിര്‍മിച്ചത്. ഒറിജിനലല്ല അതിന്റെ പകര്‍പര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് താന്‍ പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ പോലീസിനെ അറിയിച്ചത്.

കോസ്മറ്റോളജിയില്‍ ഉള്‍പ്പെടെ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇതും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കലൂരിലേ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും അയച്ചു തന്ന പണമാണ് തന്റെ പക്കലുള്ളതെന്ന് വ്യാജരേഖ കിട്ടിയാണ് പലരില്‍ നിന്നായി കോടികള്‍ തട്ടിയത്. പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖകള്‍ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പേരില്‍ വിദേശത്ത് ഒരു അക്കൌണ്ടും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി കലൂരിലാണ് ഇയാളുടെ പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തില്‍ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച്‌ അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ ഇയാള്‍ക്ക് ചില സിനിമാ ബന്ധങ്ങളും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിച്ച്‌ വരികയാണ്.

Related Articles

Leave a Reply

Back to top button