
കോഴിക്കോട്: മദ്റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കോവിഡ് – 19 പശ്ചാത്തതലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്റസകളാണ് നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിനു തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി 10316 മദ്റസകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നര വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസിലുടെ പഠനം നടത്തി വന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നവബംര്‍ ഒന്നു മുതല്‍ ഓഫ് ലൈന്‍ പഠനത്തിനൊരുങ്ങുന്നത്. മദ്റസകള്‍ തുറക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്റസ മാനേജിംഗ് കമ്മിറ്റികളോട് യോഗം നിര്‍ദ്ദേശിച്ചു.
മദ്റസകളില്‍ ആവശ്യമായ അറ്റകുറ്റപണികൾ നടത്തണം. ക്ലാസ് റൂമുകളും പരിസരവും ശുചീകരിക്കണം. ക്ലാസെടുക്കാന്‍ മതിയായ മുഅല്ലിംകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം.





