
വടകര : പലചരക്ക് വ്യാപാരി വലിയപറമ്പത്ത് രാജനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കടമുറിക്കുള്ളിൽനിന്ന് ബാഗും ഫോണും കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ രാജന്റെ സഹോദരൻ മനോജിന്റെ സാന്നിധ്യത്തിൽ കടയ്ക്കുള്ളിൽ ഇൻസ്‌പെക്ടർ പി.എം. മനോജും സംഘവും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടത്. നാലായിരത്തോളം രൂപ ഇതിലുണ്ട്. രാജന്റെ ഒരു ഫോൺ അന്നുതന്നെ ലഭിച്ചിരുന്നു.
മറ്റൊരു ഫോൺകൂടി രാജൻ ഉപയോഗിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീണ്ടും പരിശോധനയ്ക്കെത്തിയത്. വിശദമായി പരിശോധിച്ചപ്പോഴാണ് സാധനങ്ങൾക്കിടയിൽ ബാഗ് കണ്ടത്. ഫോൺ ഇതിലുണ്ടായിരുന്നു. ഫോണിൽനിന്ന് അന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കൊലയാളി കടന്നുകളഞ്ഞ ബൈക്ക് സംഭവം നടന്ന് മൂന്നുദിവസമായിട്ടും കണ്ടെത്താനായില്ല. ഇത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. എവിടെയെങ്കിലും ബൈക്ക് ഉപേക്ഷിച്ചിരിക്കാമെന്ന സംശയത്തിലാണ് പോലീസ്. ജില്ലയിലെയും പുറത്തെയും എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്. ബൈക്ക് കണ്ടെത്തിയാൽ അന്വേഷണം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ഇപ്പോൾ എങ്ങോട്ടാണ് പ്രതി കടന്നതെന്നതിനെക്കുറിച്ച് വ്യക്തതയില്ല. അതുകൊണ്ടുതന്നെ എല്ലാസ്ഥലത്തെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കേണ്ട സ്ഥിതിയാണ്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചൊവ്വാഴ്ചയും ചിലരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. കൊലയാളിയിലേക്ക് വിരൽചൂണ്ടുന്ന നിർണായക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായില്ലെന്നാണ് സൂചന.





