IndiaKerala

മൗനം തുടര്‍ന്നാല്‍ കോഴിക്കോട് റണ്‍വേ നീളം ചുരുക്കുമെന്ന് കേന്ദ്രം

Please complete the required fields.




ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവള റണ്‍വേയുടെ രണ്ടറ്റത്തും ഭൂമി ഏറ്റെടുത്തു നിരപ്പാക്കി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കില്‍ റണ്‍വേയുടെ നീളം ചുരുക്കി സുരക്ഷിതമേഖലയായ ‘റെസ’ നിര്‍മിക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍.

റണ്‍വേയുടെ നീളം കുറക്കാതെ റെസ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനിക്ക് വ്യോമയാന സഹമന്ത്രി വി.കെ. സിങ് ലോക്സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് നിലപാട് വിശദീകരിച്ചത്. റണ്‍വേ വെട്ടിച്ചുരുക്കാതെ റെസ നിര്‍മിക്കുന്നതിന്‍റെ വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കാനുള്ള നടപടി മുന്നോട്ടുനീങ്ങുമ്ബോള്‍ തന്നെയാണ് ഈ മുന്നറിയിപ്പ്.

വിമാനദുരന്തം പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശപ്രകാരമാണ് മുന്നോട്ടു നീങ്ങുന്നതെന്ന് മന്ത്രി വിശദീകരിച്ചു. രണ്ടു നിര്‍ദേശങ്ങളാണ് സമിതി നല്‍കിയത്. റണ്‍വേയുടെ രണ്ടറ്റത്തും ‘റെസ’ നിര്‍മിക്കാന്‍ ഭൂമി മണ്ണിട്ടു നിരപ്പാക്കി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ഥിക്കണം. 2023 മാര്‍ച്ച്‌ 31നു മുമ്ബ് ഇത്തരത്തില്‍ ഭൂമി വിട്ടുകിട്ടിയില്ലെങ്കില്‍ നിലവിലെ റണ്‍വേയുടെ നീളം കുറച്ച്‌ രണ്ടറ്റത്തും 240 മീറ്റര്‍ ‘റെസ’ക്ക് നീക്കിവെക്കണം.

റണ്‍വേ നീളം കുറക്കാതെ റെസ നിര്‍മിക്കാന്‍ റണ്‍വേ-10നോടു ചേര്‍ന്ന് ഏഴ് ഏക്കറും റണ്‍വേ -28നോടു ചേര്‍ന്ന് ഏഴര ഏക്കറും ഭൂമി വിട്ടുകിട്ടണമെന്നാണ് വിമാനത്താവള അതോറിറ്റി കണക്കാക്കിയത്. ഒമ്ബതു മാസത്തിനിടയില്‍ സംസ്ഥാന സര്‍ക്കാറിനോട് മന്ത്രാലയം പലവട്ടം ഈ ആവശ്യം ഉന്നയിച്ചു.

എന്നാല്‍ ഇനിയും ഭൂമി നിരപ്പാക്കി കൈമാറിയിട്ടില്ല. വിമാനത്താവള വികസനത്തിനു വേണ്ട ഭൂമി അതതു സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കണമെന്നാണ് 2016ലെ നയം. വൈഡ് ബോഡി വിമാനങ്ങള്‍ കൂടി ഇറങ്ങേണ്ട കോഴിക്കോടിന്‍റെ കാര്യത്തില്‍ പ്രത്യേക ഇളവിന് വിമാനത്താവള അതോറിറ്റി തയാറായി. നിശ്ചിത നിലവാരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി നിരപ്പാക്കി നല്‍കുന്നതിന് 120 കോടി രൂപ വരെ ചെലവു വഹിക്കാമെന്ന് അതോറിറ്റി വാഗ്ദാനം ചെയ്തു.

166 കോടി രൂപയാകുമെന്നാണ് കേരള സര്‍ക്കാര്‍ അറിയിച്ചത്. അങ്ങനെയെങ്കില്‍ അതിന്‍റെ വിശദമായ എസ്റ്റിമേറ്റ്, അതു കണക്കാക്കിയ രീതി, നിരപ്പാക്കല്‍ ജോലി തുടങ്ങുന്ന തീയതി, നിരപ്പാക്കിയ ഭൂമി വിമാനത്താവള അതോറിറ്റിക്ക് കൈമാറുന്ന തീയതി തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാന്‍ ഒക്ടോബര്‍ 31ന് വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടതാണ്.

പക്ഷേ, ഇനിയും മറുപടി കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറില്‍നിന്ന് മറുപടി കിട്ടിയില്ലെങ്കില്‍, യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പാകത്തില്‍ റണ്‍വേയുടെ നീളം കുറക്കുകയല്ലാതെ അതോറിറ്റിക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനിടെ, റണ്‍വേയുടെ നീളം കുറക്കാതെ ഭൂമി നിരപ്പാക്കി റെസ സജ്ജീകരിക്കുന്നതിന്‍റെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കല്‍ നടപടികളിലേക്ക് കടക്കാന്‍ ഡിസംബര്‍ അഞ്ചിന് വ്യോമയാന മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിവാര യോഗ തീരുമാനപ്രകാരം വിമാനത്താവള അതോറിറ്റി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഭൂമി വിട്ടുകിട്ടിയാല്‍ മാത്രമാണ് ഈ ഡി.പി.ആര്‍ അനുസരിച്ച്‌ മുന്നോട്ടു പോകാന്‍ സാധിക്കുക.

Related Articles

Leave a Reply

Back to top button