
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ക്ലാസ് എടുക്കുന്നതിനിടെ മൈക്ക് ഓഫായപ്പോള്‍ മൂര്‍ഖനെ മൈക്കാക്കി ഉപയോഗിച്ച വാവ സുരേഷിന്റെ നടപടി വിവാദത്തില്‍. മെഡിക്കല്‍ കോളേജ് ക്ലിനിക്കല്‍ നഴ്സിങ് എഡ്യുക്കേഷനും നഴ്സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി നടത്തിയ പരിപാടിയിലാണ് വാവ സുരേഷ് ക്ലാസ് എടുത്തത്. സംഭവത്തില്‍ ആശുപത്രിക്കെതിരേയും വാവ സുരേഷിനെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് പോലുള്ള സ്ഥാപനത്തില്‍ പാമ്പ് പിടുത്തത്തില്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിച്ചത് ശരിയായ പ്രവണതയല്ലെന്ന് വിദഗ്ധര്‍ വിമര്‍ശിച്ചു. വാവ സുരേഷ് ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണ്. അശാസ്ത്രീയമായ രീതിയില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് വാവ സുരേഷ് എന്നും വിമര്‍ശനമുയര്‍ന്നു. ക്ലാസ് എടുക്കാനായി ജീവനുളള പാമ്പുകളെയാണ് വാവ സുരേഷ് കൊണ്ടുവന്നിരുന്നത്. നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേറ്റിട്ടുണ്ട്.





