Thiruvananthapuram

റേഷൻ വ്യാപാരികളുടെ കമ്മിഷൻ പൂർണമായി നൽകും: മന്ത്രി ജി ആര്‍ അനില്‍

Please complete the required fields.




തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മിഷൻ അതാത് മാസം തന്നെ പൂർണമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ.

കമ്മിഷൻ വിഷയവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾ ശനിയാഴ്ച മുതൽ കടയടപ്പു സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി. ഒക്ടോബർ മാസത്തെ കമ്മിഷൻ ഭാഗികമായി മാത്രം അനുവദിച്ച് സിവിൽ സപ്ലൈസ് കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കരുതെന്ന സംഘടനാ നേതാക്കളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.

ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മിഷൻ ഭാഗികമായി അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തികവർഷത്തെ (2022–23) റേഷൻ വ്യാപാരി കമ്മിഷൻ ഇനത്തിലുള്ള ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു.

എന്നാൽ കേന്ദ്രസർക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മിഷനായി നൽകേണ്ടിവരുന്ന തുക ബജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വർഷം ഡിസംബർ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസർക്കാർ ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുൻകൂട്ടി കാണാൻ സംസ്ഥാന സർക്കാരിന് കാണാൻ കഴിയാതെപോയത്.

റേഷൻ വ്യാപാരികൾക്ക് കമ്മിഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്. പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ കമ്മിഷൻ കൂടി ചേരുമ്പോൾ 28 കോടി രൂപയോളം വേണ്ടി വന്നു. ഇതും മുടക്കം കൂടാതെ സെപ്റ്റംബർ മാസം വരെ വ്യാപാരികൾക്ക് നൽകിവന്നിട്ടുണ്ട്. കമ്മിഷൻ ഇനത്തിൽ സെപ്റ്റംബർ വരെ 105 കോടി രൂപ നൽകേണ്ട സ്ഥാനത്ത് റേഷൻ വ്യാപാരികൾക്ക് 196 കോടി രൂപ നൽകി കഴിഞ്ഞു.

ഇതുമൂലം ഒക്ടോബറിലെ കമ്മിഷൻ പൂർണമായി നൽകാൻ അധിക തുക ധനകാര്യ വകുപ്പ് അനുവദിക്കേണ്ടതായിട്ടുണ്ട്. ഇതിന് വേണ്ടിയുള്ള നിർദ്ദേശം ഭക്ഷ്യ വകുപ്പ് ധനവകുപ്പിന് നൽകിയിട്ടുണ്ടെന്നും ഒക്ടോബർ മാസത്തെ കമ്മിഷൻ പൂർണമായിത്തന്നെ വിതരണം ചെയ്യാൻ കഴിയുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു.

കടയടപ്പ് സമരം ചെയ്യാൻ തങ്ങൾക്ക് താല്പര്യമില്ലെന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നേയുള്ളൂ എന്നും സംഘടനാ പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button