
കൊയിലാണ്ടി: സ്വര്‍ണക്കടകളില്‍ മോഷണം നടത്തുന്ന രണ്ടു സ്ത്രീകള്‍ കൊയിലാണ്ടിയില്‍ പിടിയിലായി. ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ ആനന്ദി (40), കനിമൊഴി (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയവരാണ് കൊയിലാണ്ടിയില്‍ മോഷണശ്രമത്തിനിടെ പിടിയിലായത്.
കൊയിലാണ്ടി നഗരത്തിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയതായിരുന്നു സ്ത്രീകള്‍. ജ്വല്ലറി ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകന്‍ ഇവര്‍ കടയിലെത്തിയപ്പോള്‍ സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ഒരു സ്ത്രീ ഓടിരക്ഷപ്പെട്ടു. കടയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ പിന്നീട് പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ തളിപ്പറമ്പില്‍ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നു. ഇതിനാലാണ് ഇവരെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. മെഡിക്കല്‍ പരിശോധനക്കുശേഷം തളിപ്പറമ്പ് പൊലീസിനു കൈമാറി. രാത്രികാലങ്ങളില്‍ ലോറികളില്‍ സഞ്ചരിച്ചാണ് സ്ഥലങ്ങള്‍ മനസ്സിലാക്കുന്നത്. ഇവര്‍ക്കു പിന്നില്‍ ഏജന്റുമാരുണ്ടെന്നും പൊലീസ് പറഞ്ഞു.





