Kozhikode

കോഴിക്കോട് സിനിമാതിയേറ്റര്‍ പാര്‍ക്കിംഗില്‍ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച് കടന്നുകളഞ്ഞു; മോഷ്ടാവ് പിടിയില്‍

Please complete the required fields.




കോഴിക്കോട് : സിനിമാതിയേറ്ററിനടുത്തുള്ള പാര്‍ക്കിങ്ങില്‍ വച്ച് ബുള്ളറ്റ് മോഷ്ടിച്ച മോഷ്ടാവിനെ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഫസലുദ്ദീന്‍ തങ്ങള്‍ (28)ആണ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പൊലീസും നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തില്‍ പിടിയിലായത്.

കഴിഞ്ഞ ആഗസ്റ്റ് മാസം 18-ാം തിയ്യതി അപ്‌സര തിയേറ്ററിനു പുറകിലുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് അര്‍ദ്ധരാത്രിയോടെയാണ് പ്രതി മോഷ്ടിച്ചത്. കോഴിക്കോട് നിന്ന് മോഷ്ടിച്ച ബുള്ളറ്റ് കുടില്‍തോടുള്ള രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടിച്ച ബുള്ളറ്റ് രഹസ്യകേന്ദ്രത്തില്‍ നിന്ന് മാറ്റുന്നതിനായി ടൗണില്‍ വന്നെങ്കിലും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ സിറ്റി ക്രൈം സ്‌ക്വാഡ് കേസ് ഏറ്റെടുത്തതറിഞ്ഞ് പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

അന്വേഷണത്തിനിടെ വാവാട് താമരശ്ശേരി അടിവാരം ഭാഗങ്ങളില്‍ രാത്രിയില്‍ പ്രതിയെ കണ്ടതായി സിറ്റി ക്രൈം സ്‌ക്വാഡിന് വിവരം ലഭിച്ചെങ്കിലും കോഴിക്കോട് നിന്ന് റൂറല്‍ പൊലീസ് ലിമിറ്റില്‍ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരിയില്‍ റിയല്‍എസ്റ്റേറ്റ് ഏജന്റുമാരായി തങ്ങിയ ക്രൈം സ്‌ക്വാഡ് പ്രതി വാവാട് എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. ടൗണ്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ ബുള്ളറ്റ് ഒളിപ്പിച്ച രഹസ്യകേന്ദ്രം പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

Related Articles

Leave a Reply

Back to top button