
കോഴിക്കോട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ ആവിക്കൽ തോട്ടിലും കോതിയിലും നിർമിക്കാൻ പോകുന്ന ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണ കാലാവധി നീട്ടി നൽകാനും പദ്ധതികളുടെ തുക വർധിപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. യുഡിഎഫ് അംഗങ്ങളുടെ വിയോജിപ്പോടെയാണു തീരുമാനം.
മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണ കരാർ എടുത്തിട്ടുള്ള സീമാക് ഗ്രൂപ്പിന്റെ അപേക്ഷ പ്രകാരമാണു യോഗം ഈ അജൻഡ പരിഗണിച്ചത്. ആവിക്കൽ തോട്ടിലും കോതിയിലും പ്രക്ഷോഭം കാരണം പ്രവൃത്തി നിർത്തിവച്ചിരിക്കുകയാണ്. പ്രവൃത്തി തുടങ്ങാനാകാത്തതു കരാർ കമ്പനിയുടെ വീഴ്ച അല്ലാത്തതിനാലാണു നിർമാണ കാലാവധി നീട്ടി കൊടുക്കണമെന്നും എസ്റ്റിമേറ്റ് തുക വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ എൽഡിഎഫ് അംഗങ്ങൾക്കൊപ്പം ബിജെപിയും പിന്തുണച്ചു.
പ്രദേശവാസികൾക്ക് ആവശ്യമില്ലാത്ത ഈ പദ്ധതിക്കു വേണ്ടി എന്തിനാണ് കാലാവധി നീട്ടുന്നതെന്ന് ആവിക്കൽ തോട് ഭാഗത്തെ പ്രതിനിധീകരിക്കുന്ന കൗൺസിലർ സൗഫിയ അനീഷ് ചോദിച്ചു. പ്രദേശവാസികൾ ഒറ്റക്കെട്ടായി എതിർക്കുന്ന ഈ പദ്ധതി മറ്റേതെങ്കിലും പ്രദേശത്തേക്കു മാറ്റണമെന്നും സൗഫിയ അനീഷ് ആവശ്യപ്പെട്ടു. ജനഹിതം മാനിച്ച് അപ്രായോഗികമായ ഈ പദ്ധതി ആവിക്കൽ തോട് ഭാഗത്തു നിന്നു മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയും ആവശ്യപ്പെട്ടു.
സംസ്ഥാന ശുചിത്വമിഷൻ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട റാം ബയോളജിക്കൽ എന്ന കമ്പനിയാണ് ഇതിന്റെ ഡിപിആർ തയാറാക്കിയതെന്നും അതിൽ കമ്പനിക്ക് വൻ വീഴ്ച സംഭവിച്ചതായി തദ്ദേശഭരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും കെ.സി.ശോഭിത പറ ഞ്ഞു. യുഡിഎഫ് അംഗങ്ങളുടെ വികസന വിരോധമാണ് ഇതിൽ നിന്നു വ്യക്തമാകുന്നതെന്ന് സിപിഎമ്മിലെ സി.പി.സുലൈമാൻ കുറ്റപ്പെടുത്തി.
ആവിക്കൽ തോട്, കോതി ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റുകളുടെ ഡിപിആർ തയാറാക്കിയ കൺസൽറ്റൻസിയായ റാം ബയോളജിക്കൽസ് നടത്തിയ ക്രമക്കേടിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത നൽകിയ അടിയന്തര പ്രമേയത്തിനു മേയർ ബീന ഫിലിപ് അവതരണാനുമതി നിഷേധിച്ചത് ബഹളത്തിനിടയാക്കി.
അമൃത് പദ്ധതിയിൽ 6 ജില്ലകളിലായി 400 കോടി രൂപയുടെ പദ്ധതികൾക്കുള്ള ഡിപിആർ തയാറാക്കിയതിൽ റാം ബയോളജിക്കൽസിനു വൻ വീഴ്ച സംഭവിച്ചതിനാൽ ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹമാണെന്നും അടിയന്തര പ്രമേയ നോട്ടിസിൽ പറഞ്ഞു. പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തിയവർക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നും റാം ബയോളജിക്കൽസിനു നൽകിയ കൺസൽറ്റൻസി ഫീസ് തിരിച്ചു പിടിക്കണമെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അടിയന്തര പ്രമേയ നോട്ടിസിൽ ആവശ്യപ്പെട്ടു.
റാം ബയോളജിക്കൽസിനു വൻ വീഴ്ചയുണ്ടായി എന്നു പറയുന്നത് തെറ്റാണെന്ന് അടിയന്തര പ്രമേയത്തിനു അവതരണാനുമതി നിഷേധിച്ച് മേയർ ബീന ഫിലിപ് പറഞ്ഞു. കോർപറേഷനു വേണ്ടി അവർ ചെയ്ത ജോലിയിൽ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്നു നോക്കിയാൽ മതി. അവർ തയാറാക്കിയ ഡിപിആറിൽ കുഴപ്പമൊന്നുമില്ലെന്ന് തൃശൂർ എൻജിനീയറിങ് കോളജിലെ പ്രഫസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്– മേയർ പറഞ്ഞു.ടി.മുരളീധരൻ, രമ്യ സന്തോഷ്, പി.കെ.നാസർ, എൻ.സി.മോയിൻകുട്ടി, എം.ബിജുലാൽ, കെ.റംലത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.





