കൂറ്റന്‍ യന്ത്രങ്ങളുമായി താമരശ്ശേരി ചുരം കയറാനെത്തിയ ലോറികള്‍ റോഡില്‍ കുടുങ്ങിയിട്ട് ഒരു മാസം; ജീവനക്കാര്‍ ദുരിതക്കയത്തില്‍

താമരശ്ശേരി: കൂറ്റന്‍ യന്ത്രങ്ങളുമായി താമരശ്ശേരി ചുരം കയറാനെത്തിയ ലോറികള്‍ റോഡില്‍ കുടുങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ ജീവനക്കാര്‍ ദുരിതക്കയത്തില്‍. യാത്രാ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക കര്‍മങ്ങള്‍ക്ക് പോലും പ്രയാസപ്പെടുകയാണ്. ചൂടും പൊടിയും പുകയുമെല്ലാം സഹിച്ച് റോഡില്‍ കഴിയുന്ന ഇവര്‍ക്ക് നാട്ടുകാരുടെ സഹായം ആശ്വാസമാണെങ്കിലും അധികനാള്‍ ഇങ്ങനെ തുടരാനാവില്ല.
കര്‍ണാടകയിലെ നെഞ്ചങ്കോടുള്ള ബിസ്കറ്റ് ഫാക്ടറിയിലേക്കുള്ള മെഷീനുകളുമായി കഴിഞ്ഞ ജൂലൈ 21 നാണ് രണ്ട് ട്രെയ്ലറുകള് ചെന്നെയില്‍ നിന്ന് പുറപ്പെട്ടത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്. ഇവ ലോറിയുടെ പുറത്തേക്ക് തള്ളി നില്ക്കുന്ന നിലയിലാണ്. ഈ ലോറി ചുരം കയറാന്‍ തുടങ്ങിയാല്‍ ചുരത്തിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നതിനാല്‍ താമരശ്ശേരി പോലീസ് ഇടപെടുകയായിരുന്നു.
സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് ലോറികള്‍ തടഞ്ഞിട്ടത്. ആദ്യം പുല്ലാഞ്ഞിമേടില്‍ നിര്‍ത്തിയിട്ട ലോറികള്‍ പിന്നീട് അടിവാരത്തെത്തി. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലെങ്കിലും ചുരം കയറാനാവുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. കോഴിക്കോട്, വയനാട് കലക്ട്രേറ്റുകളില്‍ നിരന്തരം ബന്ധപ്പെട്ടെങ്കിലും ചുരം കയറാന്‍ അനുമതി ലഭിച്ചില്ല. റോഡിന് കുറുകെ ലൈനുകള്‍ ഇല്ലാത്തതിനാല്‍ താമരശ്ശേരി ചുരം വഴി കടന്നു പോവുമെന്നാണ് ലോറി ഡ്രൈവര്‍മാര്‍ പറയുന്നത്. ചൂടും പൊടിയും പുകയുമെല്ലാം സഹിച്ച് ഇനിയും റോഡില്‍ കഴിയാനാവില്ലെന്നും ഇവര്‍ പറയുന്നു.
ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെയും നാട്ടുകാരുടെയും സഹായത്തിലാണ് ഇവര്‍ ജീവന് നിലനിര്‍ത്തുന്നത്. ലോറി കടത്തിവിടുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് എ ഡി എം റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ട്രേറ്റില്‍ യോഗം ചേരാനും തീരുമാനിച്ചിരുന്നു. അവസാന നിമിഷം യോഗം മാറ്റിവെച്ചു. ഇനി എന്ത് എന്ന ചോദ്യത്തിന് ലോറി ജീവനക്കാര്‍ക്ക് ഉത്തരമില്ല. ലോറി ജീവനക്കാരുടെ ദുരിതം അകറ്റാന്‍ അടിയന്തിര നടപടി വേണെന്നാണ് അടിവാരത്തെ ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത്.
അടിവാരം പോലീസ് ഔട്പോസ്റ്റിന് സമീപത്തായി ദേശീയപാതയോരത്താണ് ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. മറുവശത്ത് തട്ടുകളാണ്. ഇതിനാല്‍ തന്നെ ഇവിടെ ഉച്ചക്ക് ശേഷം വാഹനങ്ങളുടെ നിരയായിരിക്കും. ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായ ഇവിടെ ട്രെയ്ലറുകള് നിര്‍ത്തിയിടുന്നത് അപകടം ക്ഷണിച്ചവരുത്തുമെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. പന്ത്രണ്ടോളം ജീവനക്കാരാണ് പെരുവഴിയില്‍ അകപ്പെട്ടത്. അര്‍ധരാത്രിക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ട്രെയ്ലറുകള് ചുരം കയറുമെന്നാണ് നാട്ടുകാരും ഡ്രൈവര്‍മാരും പറയുന്നത്. ജില്ലാ ഭരണ കൂടത്തിന്റെ കനിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ കാത്തിരിക്കുന്നത്.





