Thiruvananthapuram

ബാരിക്കേഡുകൾ മറികടന്നു, തുറമുഖ പദ്ധതി പ്രദേശത്തേക്ക് മത്സ്യത്തൊഴിലാളികൾ; വിഴിഞ്ഞത്ത് സംഘർഷാവസ്ഥ

Please complete the required fields.




തിരുവനന്തപുരം : വിഴിഞ്ഞത്ത് നാലാം ദിവസത്തേക്ക് കടന്ന മത്സ്യത്തൊഴിലാളികളുടെ സമരം സംഘർഷഭരിതം. തുറമുഖ പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ മാർച്ച് സംഘർഷ ഭരിതമായി. ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നോട്ട് പോയ മത്സ്യത്തൊഴിലാളികളെ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു. വിഴിഞ്ഞത്തെ തുറമുഖ സമരത്തിൽ സർക്കാർ ഇന്ന്  ചർച്ച നടത്താനിരിക്കെയാണ് സമരം ശക്തമാക്കിയത്. തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് സമരക്കാർ ആവർത്തിച്ചു. ഒരു ഘട്ടത്തിൽ പൊലീസിനെതിരെയും സമരക്കാർ മുദ്രാവാക്യം വിളിച്ചു. എന്നാൽ സംയമന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നൽകുന്നത്.

അതേ സമയം സർക്കാർ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന നിർണായക ചർച്ച ഇന്നുണ്ടാകും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാണ് ഇന്ന് വൈകിട്ട് ചർച്ച നടക്കുക. തുറമുഖം നിർത്തി വെച്ച് ആഘാത പഠനം നടത്തുന്നത് ഉൾപ്പെടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത. എന്നാൽ അതേ സമയം, തുറമുഖ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് ഇതിനകം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം നാലാം ദിനത്തിലേക്ക് കടന്നതോടെയാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. 

അതേ സമയം,  വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണമെന്ന നലപാടിലാണ് കോൺഗ്രസ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി കൂടുതൽ പണം ആവശ്യപ്പെടണമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരത്തിൻ്റെ പേരിൽ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിൻ്റെ പ്രശ്നമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇക്കാര്യം താൻ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കടൽക്ഷോഭത്തിൽ വീട് നഷ്ടമായവർക്ക് തീരത്തിൻ്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണം. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കേണ്ടതില്ല. 25 വർഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങൾ പരിശോധിച്ച് പരിഹരിച്ച് കൊണ്ടു തന്നെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണം. തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ലെന്നും തരൂർ വിശദീകരിച്ചു. 

Related Articles

Leave a Reply

Back to top button