
കോഴിക്കോട്: മഴ കനത്തപ്പോള്‍ കോഴിക്കോട് മിഠായി തെരുവില്‍ മലിന ജലപ്രവാഹം. മിഠായിത്തെരുവിൽനിന്ന് മൊയ്തീൻ പള്ളി റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ഓവുചാലിൽനിന്നാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. കടുത്ത ദുർഗന്ധമുള്ള വെള്ളമാണ് വരുന്നത്. ഓവുചാല്‍ അടഞ്ഞത് മൂലം മലിനജലം പുറത്തേക്കൊഴുകുന്നത് തടയാനുള്ള ശ്രമം ഇനിയും ഫലംകണ്ടില്ല.
ചൊവ്വാഴ്ച രാവിലെ ഫയര്‍ ഫോഴ്‌സ്, കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം, ആരോഗ്യവിഭാഗം, ജല അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് രാവിലെ 7.30 മുതല്‍ 9.30വരെ പണിയെടുത്തിട്ടും തടസ്സം നീക്കാനായിട്ടില്ല.
വെള്ളം ഓടയില്‍ അടിച്ചുകയറ്റി തടസ്സം നീക്കാനായിരുന്നു ശ്രമം.വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് അടിയില്‍ പൊട്ടിയത് വെള്ളക്കെട്ടിന് കാരണമാണോയെന്ന് പരിശോധിക്കാന്‍ ഇന്റര്‍ലോക്ക് പൊളിക്കണം. തടസം പൂര്‍ണമായി മാറ്റുന്നതിന് സ്ലാബുകള്‍ മാറ്റി തടസ്സം നീക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ സമീപിക്കാന്‍ തീരുമാനിച്ചതായി കൗണ്‍സിലര്‍ എസ്.കെ. അബൂബക്കര്‍ അറിയിച്ചു. തടസ്സം നീക്കാനുള്ള കരാറുകാരെ സമീപിക്കാനും മറ്റുമായി ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
വാട്ടര്‍ അതോറിറ്റിയുടെയോ മറ്റോ പൈപ്പോ കേബിളോ ഓവുചാല്‍ ക്രോസ് ചെയ്യുന്ന ഭാഗത്ത് ചണ്ടി അടിഞ്ഞതാവാമെന്ന് കരുതുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 10 മീറ്ററോളം സ്ലാബുകള്‍ മാറ്റേണ്ടിവരും. ടൈലിട്ട് നവീകരിച്ചതിനാല്‍ കോര്‍പറേഷന് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണിപ്പോള്‍.





