Kozhikode

പ്രതികാര നടപടി തുടര്‍ന്ന് സര്‍ക്കാര്‍; ഇന്‍ഡിഗോയുടെ ഒരു ബസിന് കൂടി പിഴ ചുമത്തി

Please complete the required fields.




കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ  ഒരു ബസ്സിനു  കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ്സിനാണ് പിഴ ചുമത്തിയത്. പിഴ സഹിതം അടക്കേണ്ടത് 37000 രൂപയാണ്. 

നടപടിയെക്കുറിച്ച്  ഇൻഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായി മലപ്പുറം ആർടിഒ അറിയിച്ചു. രണ്ടാമത്തെ ബസ്സ് നിലവിൽ വിമാനത്താവളത്തിന് അകത്താണ്. അവിടെ നിന്ന് പുറത്തിറങ്ങിയാൽ മാത്രമേ ബസ് കസ്റ്റഡിയിൽ എടുക്കാനാവൂ എന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 

ഇന്നലെയാണ് ഇന്‍ഡിഗോയുടെ മറ്റൊരു ബസ് പിടിച്ചെടുത്തത്. ബസ് കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ പരിശോധന വ്യാപകമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. നികുതി ഒടുക്കാതെ ഇൻഡിഗോ യുടെ എത്ര വാഹനങ്ങൾ ഇത്തരത്തിൽ ഓടുന്നുണ്ട് എന്ന കണക്ക്  മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്. 

വിമാനത്താവളത്തിനകത്ത് സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് സാധാരണ രജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ ഇന്നലെ പിടികൂടിയ ബസ് നേരത്തെ രജിസ്റ്റർ ചെയ്തതാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ടാക്സ് അടയ്ക്കാതെ സർവീസ് നടത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുക. സമാനരീതിയിൽ മറ്റ് വിമാന കമ്പനികളും ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. ബസ് കസ്റ്റഡിയിൽ എടുത്തവിവരം മോട്ടോർ വാഹനവകുപ്പ് ഇൻഡിഗോ എയർലൈൻസിനെ ഇന്നലെതന്നെ ഇ-മെയിൽ വഴി അറിയിച്ചെങ്കിലും അവർ പ്രതികരിച്ചിട്ടില്ല. .നികുതി കുടിശ്ശിക ഉൾപ്പടെ അടച്ചാൽ വാഹനം വിട്ട് നൽകുമെന്നും മറ്റ് സാങ്കേതിക തടസ്സങ്ങൾ ഇല്ലെന്നും ആർടിഒ അറിയിച്ചു.

ഇൻഡിഗോ എയർലൈൻസ് ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചു. ഇൻഡിഗോ ബസ് പിടിച്ചിട്ടത് അൽപത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നും സുധാകരൻ പറഞ്ഞു. ഇൻഡിഗോ ബസിനെതിരായ നടപടി മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന പരാമർശത്തിന് അടിവരയിടുന്ന നടപടിയാണെന്നായിരുന്നു സതീശൻ പറഞ്ഞത്. മോദി ഭരണവും പിണറായി ഭരണവും തമ്മിൽ എന്താണ് വത്യാസമെന്നും വിവാദങ്ങൾ ഉണ്ടാക്കുന്നത് സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button