Thiruvananthapuram

സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ കേസ്; 11 പേർ നിരീക്ഷണത്തിൽ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം ജില്ലക്കാരനാണ് രോഗി. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ അടക്കം 11 പേർ ക്ലോസ് കോണ്ടാക്ട് ലിസ്റ്റിലുണ്ട്. അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. 

കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വളരെ അടുത്ത കോൺടാക്ട് ഉണ്ടെങ്കിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങൾ കാണിച്ചേക്കും. 21 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്.

രോഗി ഇപ്പോൾ ഐസൊലേഷനിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രി പറയുന്നത്. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്നും വീണ ജോർജ് വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചു. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button