
താമരശ്ശേരി: കാലവർഷം കനത്തതോടെ ചുരത്തിലൂടെയുള്ള വാഹനയാത്ര ദുഷ്കരമായി. അപകടങ്ങൾ വർധിച്ചും മണ്ണ് ഇടിഞ്ഞും മരങ്ങൾ കടപുഴകി വീണും ഗതാഗത തടസ്സം രൂക്ഷമായി. രാത്രികാലങ്ങളിൽ പ്രത്യേകിച്ചും. ചുരത്തിൽ പലഭാഗത്തും നിലവിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. തകരപ്പാടിക്ക് മേലെ രണ്ടിടങ്ങളിലും അഞ്ചാം വളവിനടത്തും രണ്ടാം വളവിനു താഴെയുമായി 5 ഇടങ്ങളിൽ കഴിഞ്ഞ ദിവസം ചെറിയ തോതിൽ മണ്ണ് ഇടിഞ്ഞിട്ടുണ്ട്.
ചുരത്തിൽ തകരപ്പാടിക്കുമേലെ കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിൽ.
ഇന്നലെ പുലർച്ചെ മൂന്നരയോടെ 9ാം വളവിനു താഴെ മരം കടപുഴകി വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കൽപറ്റയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും താമരശ്ശേരി പൊലീസും ചേർന്നാണ് തടസ്സം നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്. രാത്രി മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങുന്നതോടെ യാത്രക്കാർ ദുരിതത്തിലാണ്.
ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന കെടുതികളും ഗതാഗതകുരുക്കും കണക്കിലെടുത്ത് താമരശ്ശേരിയിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പരിഗണിച്ചിട്ടില്ല. നിലവിൽ മുക്കം, കൽപറ്റ, നരിക്കുനി എന്നിവടങ്ങളിൽനിന്നാണ് അഗ്നിരക്ഷാ സേന ചുരത്തിൽ എത്തുന്നത്. ചുരത്തിലെ വാഹന തിരക്കിനും ഗതാഗത കുരുക്കിനും പരിഹാരമായി നിർദേശിച്ച നിർദിഷ്ട ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ ചുരം ബൈപാസും യാഥാർഥ്യമായിട്ടില്ല.





