Kozhikode

പോസ്റ്റ് വീണ് ബൈക്ക് യാത്രികന്റെ മരണം; റോഡ് ഉപരോധിച്ച് നാട്ടുകാർ

Please complete the required fields.




ബേപ്പൂർ: നടുവട്ടത്ത് വൈദ്യുത പോസ്റ്റ് റോഡിനു കുറുകെ വീണു ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ വൈദ്യുതി ബോർഡിനെതിരെ വ്യാപക പ്രതിഷേധം. കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ചാണ് ജനം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ബിജെപി പ്രവർത്തകർ കെഎസ്ഇബി സെക്‌ഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി.

സെക്‌ഷൻ ഓഫിസിൽ അറിയിക്കാതെയാണ് കരാറുകാരൻ പോസ്റ്റ് നീക്കം ചെയ്തതെന്നു സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണു ജനം രോഷാകുലരായത്. തടിച്ചു കൂടിയവർ റോഡ് ഉപരോധിച്ചതോടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഇൻസ്പെക്ടർ വി.സിജിത്തിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരുമായി ചർച്ച നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പു നൽകിയതോടെയാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്.

ഡിസിസി ജനറൽ സെക്രട്ടറി രമേശ് നമ്പിയത്ത് വൈദ്യുതി മന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ട് അടിയന്തര നടപടി ആവശ്യപ്പെട്ടു. തുടർന്ന്, ഡപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി സുധാകരന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥ സംഘമെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് അവർ അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. കോൺഗ്രസ് പ്രതിഷേധത്തിനു ബ്ലോക്ക് പ്രസിഡന്റ് ടി.കെ.അബ്ദുൽ ഗഫൂർ, നടുവട്ടം മണ്ഡലം പ്രസിഡന്റ് എ.എം.അനിൽ കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനാഫ് മൂപ്പൻ, സി.ഒ.അക്ബർ, നവാസ് അരക്കിണർ, സ്വരൂപ് ശിവപുരി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button