
മലപ്പുറം: സോഷ്യൽമീഡിയയിൽ പോരുമുറുക്കി മുൻമന്ത്രിമാരായ കെ ടി ജലീലും പി കെ അബ്ദുറബ്ബും. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ തർക്കം തുടങ്ങിയത്. ‘ആർക്കെങ്കിലും വാങ്ങാനും വിൽക്കാനും മുസ്ലിംലീഗ് വാണിയംകുളം ചന്തയിലെ നാൽക്കാലിയല്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അർഥം, ചെലർക്ക് തിരിയും, ചെലർക്ക് തിരിയില്ല’- എന്ന് കെ ടി ജലീൽ പോസ്റ്റിട്ടു. ഇതില്‍ തുടങ്ങിയ പോര് കനക്കുകയാണ്.
തിങ്കളാഴ്ച വൈകുന്നേരം പി കെ അബ്ദുറബ്ബ് ഒരു പോസ്റ്റിട്ടു. നേരിട്ട് ജലീലിനെ കടന്നാക്രമിക്കുന്ന പോസ്റ്റില്‍ പ്രതിപക്ഷം ജലീലിനെതിരെ ആരോപിച്ചതും, ജലീലിന്‍റെ രാജിയിലേക്ക് നയിച്ചതുമായ കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുകയാണ്. രണ്ട് മണിക്കൂറിനിടെ 13,000ത്തോളം റീയക്ഷനുകളാണ് റബ്ബിന്‍റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.





