Thiruvananthapuram

സിൽവർലൈൻ : ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി, 23 ന് ഓൺലൈൻ സംവാദത്തിന് കെ റെയിൽ

Please complete the required fields.




തിരുവനന്തപുരം: കാസർഗോഡ്-തിരുവനന്തപുരം സിൽവർലൈൻ അർധ-അതിവേ​ഗ സിൽവർ ലൈൻ പദ്ധതിയെകുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ ഓൺലൈൻ സംവാദത്തിന് കെ റെയിൽ. ജൂൺ 23 ന് കെ റെയിൽ എംഡി തത്സമയം സംശയങ്ങൾക്ക് മറുപടി നൽകും. വൈകിട്ട് നാല് മണി മുതൽ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റായി സംശയങ്ങൾ ചോദിക്കാമെന്നാണ് കെ റെയിൽ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. വി. അജിത് കുമാർ (മാനേജിങ് ഡയറക്ടർ, കെ റെയിൽ) എം. സ്വയംഭൂലിം​ഗം (പ്രോജക്ട് ഡയറക്ടർ, സിസ്ട്ര) എന്നിവരാകും ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുക. 

രണ്ടാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് സിൽവർ ലൈൻ പദ്ധതിയെ എൽഡിഎഫ് മുന്നോട്ട് വെച്ചിരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽപ്പോലും മുന്നിൽവെച്ച വികസന കാർഡിൽ ആദ്യത്തേത് സിൽവർ ലൈനായിരുന്നു. മുഖ്യമന്ത്രിയുടെ തന്നെ അഭിമാന പദ്ധതിയായ  സിൽവർ ലൈനിൽ  കേന്ദ്രാനുമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പോലും പ്രസക്തമല്ലെന്ന തരത്തിലായിരുന്നു നിലപാടുകളും സമീപനവും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലും പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര നിർദേശമുണ്ടെന്നത് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ തൃക്കാക്കര തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ആഘാതത്തോടെ സിൽവർ ലൈൻ നടപ്പാക്കുന്നതിൽ നിലപാട് മയപ്പെടുത്തുന്ന രീതിയാണ് ഇടത് സർക്കാർ സ്വീകരിച്ച് പോന്നത്. ആരെതിർത്താലും കെ റെയിലുമായി മുന്നോട്ടു പോകുമെന്ന നിലപാടിൽ നിന്നും ‘കേന്ദ്രാനുമതി ലഭിച്ചാൽ മാത്രമേ മുന്നോട്ടു പോകാനാകൂ’ എന്ന നിലപാടിലേക്ക് മുഖ്യമന്ത്രിയുമെത്തി. സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കങ്ങൾക്കെതിരെ, വികസന പദ്ധതികൾ ജനത്തിന് ബോധ്യപ്പെട്ടില്ലെന്ന തരത്തിൽ ഇടതുമുന്നണിയിൽ നിന്നുതന്നെ വിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളെ ‘ബോധവത്ക്കരിക്കൽ’ എന്ന നിലപാടിലേക്ക് കെ റെയിലുമെത്തിയത്. 

Related Articles

Leave a Reply

Back to top button