Kozhikode

നിയന്ത്രണങ്ങൾ ലംഘിച്ച് നീന്തൽ സർട്ടിഫിക്കറ്റ് വിതരണം, എത്തിയത് 850 വിദ്യാ‍ർഥികൾ

Please complete the required fields.




കോഴിക്കോട് :കോവിഡ് മാനദണ്ഡം ലംഘിച്ച് വിദ്യാർഥികൾക്ക് സ്പോർട്സ് കൗൺസിൽ ഓഫിസിൽ നീന്തൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വിതരണം. ഇന്നലെ സ്പോർട്സ് കൗൺ‍സിലിൽ മാത്രം എത്തിയത് 850 വിദ്യാ‍ർഥികൾ. മുൻപ് നിയന്ത്രണം ലംഘിച്ച് നീന്തൽ യോഗ്യത നിർണയത്തിന് കുട്ടികളെ കൂട്ടം കൂട്ടി കുളത്തിൽ ഇറക്കിയത് വിവാദം ആയിരുന്നു. അതോടെ നീന്തൽ അറിയാവുന്നവർക്കെല്ലാം സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചു.

ഇതിനായി അപേക്ഷകരുടെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രം, ജില്ലാ സ്പോർട്സ് കൗൺസിലിൽ എത്തിച്ച് വെരിഫിക്കേഷൻ നടത്തണം. ഈ രേഖകളുമായി ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിന് വിദ്യാർഥികളാണ് വെരിഫിക്കേഷനു മാനാഞ്ചിറയിലെ സ്പോർട്സ് കൗൺസിൽ ഓഫിസിൽ എത്തിയത്. കൂട്ടം കൂടി നിന്ന വിദ്യാർഥികളോട് അധികൃതർ വരി നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും സാമൂഹിക അകലം പോലും പാലിച്ചില്ല. ഒരു ഉദ്യോഗസ്ഥനായിരുന്നു ഇവർക്ക് സർട്ടിഫിക്കറ്റ് നൽകാൻ ഉണ്ടായിരുന്നത്.

വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും വെയിലത്ത് സർട്ടിഫിക്കറ്റിനു വേണ്ടി സ്പോർട്സ് കൗൺസിൽ പരിസരത്ത് തടിച്ച് കൂടിയതോടെ പൊലീസും എത്തി. കഴിഞ്ഞ ദിവസം നടക്കാവിൽ യോഗ്യതാ നിർണയത്തിലും സ്പോർട്സ് കൗൺസിലിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു. ഇതിനെതിരെ വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. സർട്ടിഫിക്കറ്റിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറിയായിരുന്നു ഒപ്പു വയ്ക്കേണ്ടത്. ഇതിനിടെ പല സ്കൂളിൽ നിന്നുമുള്ള അപേക്ഷകൾ ഓഫിസിൽ വാങ്ങി വച്ചു. ഇവർക്ക് പിന്നീട് ഒപ്പിട്ടു നൽകുമെന്ന് സ്പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button