
കൊച്ചി: ബാര്‍ കൗണ്‍സില്‍ അഴിമതി കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ജസ്റ്റിസ് കെ.ബാബുവിൻ്റെ ബെഞ്ചിലാണ് ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിവച്ചു. സിബിഐ അന്വേഷിക്കുന്ന കേസിലാണ് പ്രതികൾ മുന്‍കൂര്‍ ജാമ്യം തേടിയത്. കേരള അഭിഭാഷക ക്ഷേമനിധിയിൽ നിന്ന് 7.5 കോടി തട്ടിയെടുത്തെന്ന പരാതിയിലാണ് സിബിഐ കേസെടുത്തത്. വ്യാജരേഖ ചമച്ചാണ് തുക തട്ടിയെടുത്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
നേരത്തെ വിജിലൻസ് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്. ബാർ കൗൺസിൽ അക്കൗണ്ടൻ്റ് അടക്കം 8 പേരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്.
അഴിമതി,ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ.സ്റ്റാപുകൾ വിറ്റതിലും ക്രമക്കേട് നടത്തിയതായി ആരോപണമുണ്ട്. കേസിൽ നേരത്തെ 4 പ്രതികളെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി ബാർ അസോസിയേഷൻ മുൻ ഭാരവാഹി നൽകിയ ഹർജി പരിഗണിച്ച് ഹൈക്കോടതി കേസ് സി ബി ഐ അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു.
2009 മുതൽ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് ഫെൽഫെയർ ഫണ്ടിൽ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹർജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെൽഫെയർ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയതയായും ആരോപണമുണ്ട്. സംഭവത്തിൽ ബാർ കൗൺസിലിലെ അക്കൗണ്ടന്റ് ചന്ദ്രൻ, സാബു സക്കറിയ , തമിഴ്നാട് സ്വദേശി മുത്തു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.





