
ബാലുശ്ശേരി : കേരളം പ്രതീക്ഷിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേന്ദ്ര സർക്കാർ അനുവദിച്ചാൽ സ്ഥാപിക്കുക കിനാലൂരിൽ തന്നെ. എയിംസിനു വേണ്ടി വ്യവസായ വകുപ്പിന്റെ ഭൂമി ആരോഗ്യവകുപ്പിനു കൈമാറി സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയതാണ് കേരളത്തിന്റെയും കിനാലൂരിന്റെയും പ്രതീക്ഷകൾ ഉയർത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ കഴിയുമെന്നത് കിനാലൂരിന് നേട്ടമാണ്.
കിനാലൂരിൽ വ്യവസായ വകുപ്പിനു കീഴിലുള്ള 160 ഏക്കർ ഭൂമിയാണ് ആരോഗ്യവകുപ്പിനു കൈമാറിയത്. നിലവിൽ ഈ ഭൂമി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്റെ കൈവശമാണുള്ളത്. 200 ഏക്കർ ഭൂമിയാണ് കേരളം എയിംസിനു വേണ്ടി വാഗ്ദാനം ചെയ്തത്. ഭാവി വികസനം കൂടി ലക്ഷ്യമാക്കി 260 ഏക്കർ ഭൂമിയാണ് സംസ്ഥാനം ഇവിടെ സജ്ജമാക്കുന്നത്. 100 ഏക്കർ സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കും.
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. കിനാലൂർ, കാന്തലാട് വില്ലേജുകളിലെ ഏറ്റെടുക്കേണ്ട ഭൂമിയുടെ റീ സർവേ പൂർത്തിയായി. തുടർ നടപടികൾ വേഗത്തിലാക്കുന്നതിനായി അക്വിസിഷൻ ഓഫിസറെ നിയമിച്ചിട്ടുണ്ട്. കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതിനാൽ എയിംസിന് ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി മാത്രമാണ് ഇനി വേണ്ടത്.
കേന്ദ്ര ആരോഗ്യ സഹമന്ത്രി ഇക്കാര്യം കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ഉന്നത നിലവാരത്തിലുള്ള ചികിത്സയും പഠന, ഗവേഷണ വിഭാഗങ്ങളുമാണ് എയിംസിനെ വേറിട്ടുനിർത്തുന്നത്. എയിംസ് കേരളത്തിനു ലഭ്യമാക്കുന്നതിനായി മികച്ച പ്രവർത്തനമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ നടത്തിവരുന്നതെന്ന് കെ.എം.സച്ചിൻദേവ് എംഎൽഎ പറഞ്ഞു.





