കട്ടിപ്പാറയില്‍ വലിയ കുന്ന് ഇടിച്ച് നിരത്തി കൂട്ടിയിട്ട മണ്ണ് പരന്നൊഴുകുന്നതിനാല്‍ പ്രദേശം ചെളിയില്‍ മുങ്ങി

കട്ടിപ്പാറ: കട്ടിപ്പാറയില്‍ വലിയ കുന്ന് ഇടിച്ച് നിരത്തി കൂട്ടിയിട്ട മണ്ണ് പരന്നൊഴുകുന്നതിനാല്‍ പ്രദേശം ചെളിയില്‍ മുങ്ങി. കട്ടിപ്പാറ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പെട്ട പൂലോട് പ്രദേശത്താണ് അനധികൃത കുന്നിടിക്കല്‍ കാരണം നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായത്. ചെളിയും മണ്ണും ഒലിച്ചെത്തി റോഡില്‍ ഗതാഗതം തടസ്സപ്പെടുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൂലോട് അംഗന്‍വാടിക്ക് സമീപത്തെ വലിയ കുന്നാണ് ഇടിച്ച് നിരത്തുന്നത്. ഇടിക്കുന്ന മണ്ണ് ഇവിടെ തന്നെ കൂട്ടിയിടും. മഴ പെയ്താല്‍ മണ്ണ് ഒലിച്ചെത്തുന്നത് സമീപത്തെ വീടുകളിലേക്കാണ്. സമീപവാസിയായ നാസറിന്റെ വീടിനുള്ളില്‍ പോലും ചെളിയും മണ്ണും ഒലിച്ചെത്തി. നാട്ടുകാര്‍ ചേര്‍ന്നാണ് പിന്നീട് വീട് വൃത്തിയാക്കിയത്.
വന്‍ തോതില്‍ മണ്ണ് കൂട്ടിയിടുന്നത് വീടിന് ഭീഷണിയാണെന്ന് ഭൂ ഉടമയെ അറിയിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. നാല്പതിലേറെ വിദ്യാര്‍ത്ഥികള്‍ പടിക്കുന്ന അംഗന്‍വാടിയോട് ചേര്‍ന്നാണ് കുന്നിടിച്ച് മണ്ണ് കൂട്ടിയിടുന്നത്. റോഡില്‍ ചെളി കെട്ടിക്കിടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അംഗന്വാടിയിലെത്താനും കഴിയുന്നില്ല. പ്രദേശവാസികളുടെ ജീവിതം വഴിമുട്ടിയതിനെതുടര്‍ന്ന് പോലീസിലും റവന്യൂ വകുപ്പിലുമെല്ലാം പരാതി നല്കി. എന്നാല്‍ നടപടി സ്വീകരിക്കേണ്ട റവന്യൂ വകുപ്പ് അധികൃതര്‍ പ്രദേശം സന്ദര്‍ശിക്കുക പോലും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഴ തുടര്‍ന്നാല്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടാവാനും സാധ്യതയുണ്ട്. നിയമവിരുദ്ദമായുള്ള കുന്നിടിക്കലിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.





