
കോഴിക്കോട്: പിക്കപ് വാനിനു പിന്നിൽ ലോറിയിടിച്ച് രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. ലോറിക്കു പിന്നിൽ ഗ്യാസ് ടാങ്കറും ഇടിച്ചെങ്കിലും ഗ്യാസ് ചോർച്ചയില്ലാത്തതിനാൽ കൂടുതൽ അപകടം ഒഴിവായി. ടാങ്കർ ലോറിയിലുണ്ടായിരുന്ന രണ്ടു പേർക്കു പരുക്കേറ്റു. ബൈപാസ് റോഡ് കോരപ്പുഴ പാലത്തിൽ ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് അപകടം. പിക്കപ് വാനിനു പിന്നിൽ ലോറി ഇടിക്കുകയും ലോറിയുടെ പിറകിൽ ഗ്യാസ് ടാങ്കർ ഇടിക്കുകയുമായിരുന്നു. പിക്കപ് വാനിൽ നാലായിരത്തോളം കോഴിക്കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. അവ റോഡിൽ ചിതറി പകുതിയിലേറെയും ചത്തു.
കൊയിലാണ്ടിയിൽ നിന്നും വെള്ളിമാടുകുന്നിൽ നിന്നും ഫയർഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം നടത്തി. ഇടിയുടെ ശബ്ദം കേട്ടു നാട്ടുകാരും ഓടിയെത്തി. ഗ്യാസ് ടാങ്കർ അപകടത്തിൽപെട്ടത് പരിഭ്രാന്തി പരത്തി. അതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പൂളാടിക്കുന്നു ജംക്ഷനിൽ നിന്നും വെങ്ങാലി ജംക്ഷനിൽ നിന്നും തിരിച്ചു വിട്ടു. പിന്നീട് ഐഒസി അധികൃതർ എത്തി ടാങ്കർ പരിശോധിച്ചു ചോർച്ച ഇല്ലെന്ന് ഉറപ്പു വരുത്തി.





