Ernakulam

വധഗൂഢാലോചനക്കേസ്; ദീലീപിന്റെ ബന്ധുക്കൾ ഇന്ന് ഹാജരാകില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകൻ

Please complete the required fields.




കൊച്ചി: വധഗൂഢാലോചനക്കേസില്‍ നടൻ ദീലീപിന്റെ സഹോദരൻ അനൂപിനേയും സഹോദരീ ഭർത്താവ് സുരാജിനേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നെങ്കിലും അവർ ഇന്ന് ഹാജരാകില്ല. സ്ഥലത്തില്ലെന്ന് അഭിഭാഷകൻ മുഖാന്തിരം ഇന്നലെ തന്നെ ഇരുവരും ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു.

അനൂപിന്റെയും സുരാജിന്റെയും വീടിന് മുന്നിൽ ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ ഇന്നലെ നോട്ടീസ് പതിപ്പിച്ചു. പല തവണ വിളിച്ചിട്ടും ഇരുവരും ഫോണെടുത്തില്ലെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇന്ന് പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാവാനായിരുന്നു ഇരുവർക്കും നിർദേശം നൽകിയിരിക്കുന്നത്. എന്നാല്‍, ഇവരുടെ സ്ഥലത്തില്ലെന്ന് അഭിഭാഷകൻ മുഖേന ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ ചോദ്യം ചെയ്യൽ എപ്പോൾ എവിടെ വെച്ച് എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മൊഴിയെടുക്കൽ ഇന്നുണ്ടാകില്ലെന്നാണ് അന്വേഷണ സംഘത്തിൽ നിന്നുള്ള വിവരം. ആലുവയിലെ പദ്മ സരോവരം വീട്ടിൽ വെച്ച് മൊഴിയെടുക്കണമെന്നാണ് കാവ്യാ മാധവന്റെ നിലപാട്. പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് വിലയിരുത്തൽ. തുടർ നടപടി സംബന്ധിച്ച് ഇന്ന് ഓൺ ലൈൻ യോഗം ചേർന്ന് തീരുമാനിക്കും.

അതിനിടെ, കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ  വിചാരണക്കോടതിൽ ഹ‍ർജി നൽകി. കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017 ൽ ഹൈക്കോടതി ദിലീപിന് ജാമ്യം നൽകിയത്. ഇത് ലംഘിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ബോധ്യപ്പെട്ടാൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ അപായപ്പെടുത്താനും ദിലീപിന്‍റെ ഭാഗത്ത് നിന്ന്  കരുതിക്കൂട്ടിയുളള ഇടപെടൽ ഉണ്ടായി എന്ന് ആരോപിച്ചാണ് അന്വേഷണസംഘം ഇപ്പോൾ കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിച്ചത്. 

കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും വിസ്താരനടപടികൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. തുടരന്വേഷണവും  നടക്കുന്നതിനാലും വിസ്താരം ഇനിയും ശേഷിക്കുന്നതിനാലും ജാമ്യം റദ്ദാക്കി  ദിലീപിനെ ജയിലിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവഴി തുടരന്വേഷണത്തിൽ ബാഹ്യഇടപെടലുകൾ കുറയ്ക്കാമെന്നും ദിലിപ് കാമ്പിനെ സമ്മർദത്തിൽ ആക്കാമെന്നുമാണ് പ്രോസിക്യൂഷൻ കണക്കുകൂട്ടന്നത്.  

അതിനിടെ, കേസുമായി ബന്ധപ്പെട്ട കോടതി രേഖകൾ ചോർന്നെന്ന പ്രതിഭാഗം ആരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി  ബൈജു പൗലോസ് വിചാരണ കോടതിയിൽ ഹാജരായി വിശദീകരണം നൽകി. സായ് ശങ്കറിൽ നിന്ന് വാങ്ങിയ ലാപ്ടോപ് അടക്കമുളള ഡിജിറ്റൽ ഉപകരണങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ദിലീപിന്‍റെ അഭിഭാഷകരോട് വധഗൂഡാലോചനാക്കേസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. 

Related Articles

Leave a Reply

Back to top button