ഇന്ധന വില വർധന: കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ച് രാജ്ഭവനിലേക്ക് കോൺഗ്രസ്, പ്രതിഷേധം കടുപ്പിച്ചു

തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്കൂട്ടർ ഉരുട്ടിയുമാണ് പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ നേതൃത്വം നൽകും. രാജ്യമൊട്ടാകെയും സംസ്ഥാനത്തും ഇന്ധന വില വർധനയിൽ വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്.
കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്ത് പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും പദ്മജ കുറ്റപ്പെടുത്തി. 2014 മെയിൽ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ ആയിരുന്നു.
അന്ന് ദില്ലിയിലെ പെട്രോൾ വില 71.51 രൂപ. ഡീസലിന് 57.28 രൂപയും മാത്രം. 14.23 രൂപയായിരുന്നു പെട്രോളും ഡീസലും തമ്മിലുള്ള വ്യത്യാസം. ഇന്ന് ക്രൂഡ് ഓയിൽ വില 102 ഡോളർ മാത്രമുള്ളപ്പോൾ പെട്രോളിന് 115 രൂപയാണെന്നും പദ്മജ പറഞ്ഞു. 2014 ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. 40 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തി. എന്നാൽ ഇന്ധന വിലയിൽ ജനങ്ങൾക്ക് പ്രയോജനം ലഭിച്ചില്ല. ക്രൂഡ് ഓയിൽ വില 147.27 ഡോളറിൽ എത്തിയപ്പോൾ അന്ന് കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്സൈസ് ഡ്യൂട്ടി ചുമത്തിയത്. ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ മോദി സർക്കാർ മറ്റു നികുതികൾ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പദ്മജ വിമർശിച്ചു.





