Kerala

കെ.എസ്.ഇ.ബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

Please complete the required fields.




കെ.എസ്.ഇ.ബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വൈദ്യുതി നിയമ ഭേദഗതിക്കെതിരെയായിരുന്നു പണിമുടക്ക്. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ ഇതു വരെയും വൈദ്യുതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.
അഖിലേന്ത്യാ പണിമുടക്ക് മാറ്റി വെക്കുവാൻ തീരുമാനിച്ചതിനു പിന്നാലെയാണിത്. ബിൽ അവതരിപ്പിക്കുകയാണെങ്കിൽ അഖിലേന്ത്യാ വ്യാപകമായി മിന്നൽ പണിമുടക്ക് നടത്തും.

പുതിയ വൈദ്യുതി നിയമ ഭേദ​ഗതി പ്രകാരം ക്രോസ് സബ്‌സിഡി എടുത്തുകളയുന്നതോടെ ഗാർഹിക ഉപഭോക്താക്കളുടെ നിരക്കിൽ വൻവർധനയാകും ഉണ്ടാകുക. സ്വകാര്യ മേഖലയ്ക്ക് വൈദ്യുതി വിതരണമേഖലയിൽ കടന്നുവരാനുള്ള അവസരം ഒരുക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ കമ്പനികളെ വൈദ്യുതി വിതരണത്തിനു അനുവദിക്കുമെന്ന് ഭേദഗതിയിൽ വ്യക്തമാക്കുന്നുണ്ട്. ഇനി മുതൽ വൈദ്യുതി വിതരണത്തിന് ലൈസൻസ് വേണ്ട. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണത്തിന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ രജിസ്റ്റ്രർ ചെയ്താൽ മതി. സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമുണ്ടാകില്ല. വൈദ്യുതി ബോർഡ് ജീവനക്കാർക്ക് മാത്രമല്ല സംസ്ഥാനത്തിനാകെ ഇതു ഭീഷണിയായി മാറും.

കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യഅധികാരമുള്ള വിഷയമാണ് വൈദ്യുതി. എന്നാൽ സംസ്ഥാനങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് നിയമഭേദഗതി. ഇതിൽ സംസ്ഥാനം രേഖാമൂലം കേന്ദ്രത്തെ എതിർപ്പ് അറിയിച്ചു. ബോർഡിന്റെ നിലവിലുള്ള ശൃംഖല ഉപയോഗിച്ച് സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വിതരണം നടത്താം.

ലാഭം ലഭിക്കുന്ന ഉപഭോക്താക്കളെയും നഗരപ്രദേശങ്ങളേയും തെരഞ്ഞെടുക്കാൻ സ്വകാര്യ കമ്പനികൾക്ക് അധികാരം ലഭിക്കും. കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കുമുള്ള സബ്‌സിഡി പൂർണമായും ഒഴിവാക്കുന്ന അവസ്ഥയുമുണ്ടാകും.

Related Articles

Leave a Reply

Back to top button