
കോഴിക്കോട് : റെയിൽവേ കേന്ദ്രീകരിച്ച് പുകയില ഉൽപന്നങ്ങൾ എത്തുന്നതായ വിവരത്തെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) നടത്തിയ പരിശോധനയിൽ രണ്ടു ചാക്ക് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. ഇന്നലെ ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അപർണ അനിൽകുമാർ, സിപിഒ സിറാജ്, സുമേഷ് എന്നിവർ ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പാഴ്സൽ ഓഫിസിൽ രണ്ടു ചാക്കുകളിലായി സൂക്ഷിച്ച പാക്കറ്റുകൾ കണ്ടെടുത്തത്. തുടർന്ന് ആർപിഎഫ് സംഘം എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ സി.ശരത് ബാബുവിന്റെ നേതൃത്വത്തിൽ ഓഫിസർമാരായ യോഗേഷ് ചന്ദ്ര, ദിലീപ്കുമാർ, പി.കെ.സതീഷ് എന്നിവർ പരിശോധിച്ച് ചാക്ക് കസ്റ്റഡിയിലെടുത്തു. ഇവ അഹമ്മദാബാദിൽ നിന്ന് ആഴ്ചകൾക്കു മുൻപ് പാഴ്സൽ ഓഫിസിൽ എത്തിയതാണ്. പാഴ്സൽ സ്വീകരിക്കാൻ ഉടമ എത്താത്ത സാഹചര്യത്തിൽ ഇന്നലെ ചാക്കുകെട്ടുകൾ പരിശോധിക്കുകയായിരുന്നു. പാഴ്സൽ അയച്ച വ്യക്തിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.





