Ernakulam

തുടരന്വേഷണം നീട്ടിക്കൊണ്ടുപോകാനാകില്ല; 2 മാസത്തിനകം അന്തിമ റിപ്പോർട്ട്‌ നൽകണമെന്ന് കോടതി

Please complete the required fields.




കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ആകില്ലെന്ന് കോടതിയുടെ പരാമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു പ്രോസിക്യൂഷന്‍.

നിലവിൽ രണ്ട് മാസം പൂർത്തിയായെന്നും കോടതി നിരീക്ഷിച്ചു. തുടരന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം കൂടി വേണം എന്ന് കോടതി ചോദിച്ചു. സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നൽകി എന്നും കോടതി ചൂണ്ടിക്കാട്ടി. ബാലചന്ദ്ര കുമാർ ഈ 4 വർഷം എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്‍റെ മൊഴിയിൽ നിന്ന് 81 പോയിന്റുകൾ കിട്ടിയെന്നും ഇത് സംബന്ധിച്ച തെളിവും ലഭിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസിൽ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേർത്തിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അപേക്ഷയിൽ അതിജീവിത വ്യക്തമാക്കിയിരുന്നു.

തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്നാണ് ദിലീപിന്‍റെ ആരോപണം. എന്നാൽ തുടർ അന്വേഷണത്തിന് ദിലീപ് ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിനിടെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ദിലീപിന്‍റെ അഭിഭാഷകൻ രാമൻപിള്ളയ്ക്ക്  ചോദ്യം ചെയ്യലിന് ക്രൈം ബ്രാ‌ഞ്ച് കൊടുത്തതിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഇന്ന് പ്രതിഷേധിക്കും. ഉച്ചയ്ക്ക് 1 മണിക്കാണ് ഹൈക്കോടതി മുറ്റത്താണ്  പ്രതിഷേധം. അതേസമയം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.

Related Articles

Leave a Reply

Back to top button