Kozhikode

ചിരിയും ചിന്തയും നിറച്ച് ‘കുട്ട്യോളും കളക്ടറും’; കുറ്റ്യാടിയിലെ വിദ്യാർഥികളുമായി സംവദിച്ച് ജില്ലാ കളക്ടർ

Please complete the required fields.




കുറ്റ്യാടി: ചിരിയും കളിയും ഗൗരവമേറിയ ചർച്ചകളും ഇടകലർന്ന സംവാദവേദിയിൽ നിർമിത ബുദ്ധിയുടെ സാധ്യതകളും പരിമിതികളും മുതൽ ലഹരിയുടെ ദൂഷ്യവശങ്ങളും ഭാവിയിലെ കരിയർ സാധ്യതകളും വരെ കുട്ടികളുമായി പങ്കുവെച്ച് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന പ്രതിവാര സംവാദ പരിപാടിയായ ‘കുട്ട്യോളും കളക്ടറും’ എട്ടാം പതിപ്പിലാണ് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ 30 വിദ്യാർഥികൾ കളക്ടറുമായി സംവദിക്കാനെത്തിയത്.

‘ദ ലിസ്റ്റ്’, ‘ഷാർക്ക് ടാങ്ക്’, ‘വിസ്പർ റിലേ’ എന്നീ രസകരമായ റൗണ്ടുകളോടെയായിരുന്നു പരിപാടിയുടെ തുടക്കം. തുടർന്ന് നടന്ന സംവാദത്തിൽ നിർമിത ബുദ്ധിയുടെ സമകാലിക ഉപയോഗം, വെല്ലുവിളികൾ, അവ ക്രിയാത്മകമായി പ്രയോജനപ്പെടുത്തേണ്ട രീതി എന്നിവ പ്രധാന വിഷയമായി. എ.ഐ. നിത്യജീവിതത്തെയും ജോലികളെയും ഏറെ എളുപ്പമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ അമിതോപയോഗം മനുഷ്യന്റെ ചിന്താശേഷിയെ ബാധിക്കുമെന്ന് കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി കളക്ടർ പറഞ്ഞു.

മനുഷ്യന്റെ തനതായ ആശയങ്ങൾക്ക് പകരമാകാൻ എ.ഐക്ക് കഴിയില്ലെന്നും മനുഷ്യരുടെ വൈവിധ്യമാർന്ന ചിന്തകൾക്കും കഴിവുകൾക്കും എന്നും പ്രസക്തിയുണ്ടെന്നും അവർ വ്യക്തമാക്കി. ലഹരി ഉപയോഗം സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളികൾ, ലഹരിവിമുക്ത പ്രവർത്തനങ്ങൾ, കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്ന സംവിധാനങ്ങൾ എന്നിവയും ചർച്ചയിൽ ഇടംപിടിച്ചു. സ്വന്തം അഭിരുചിക്കനുസരിച്ചുള്ള മേഖല തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട ജോലി നേടാൻ കുട്ടികൾ പ്രാപ്തരാകണമെന്നും ചെയ്യുന്ന തൊഴിലിൽ സന്തോഷം കണ്ടെത്താൻ കഴിയണമെന്നും കളക്ടർ ഓർമിപ്പിച്ചു.

സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം, സ്വയംരക്ഷ, വൈകാരിക നിയന്ത്രണം, സ്വയം അവബോധം എന്നിവ പാലിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ച കളക്ടർ തന്റെ വ്യക്തിപരമായ അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. കളക്ടറുടെ ചേമ്പറിൽ നടന്ന സംവാദത്തിൽ സ്‌കൂൾ പ്രധാനാധ്യാപിക കെ. സലീന, അധ്യാപകരായ എ.എം. മോഹനൻ, കെ.കെ. സിതാര, എൻ.കെ. ഇന്ദിര എന്നിവരും പങ്കെടുത്തു.

Related Articles

Back to top button