ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബവും പൊലീസും നൽകിയ അപ്പീൽ കോടതി തള്ളി. അപ്പീൽ തള്ളിയതോടെ 17-കാരന് അനുവദിച്ച ജാമ്യം നിലനിൽക്കും. കേസിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
“ജുവനൈൽ ജസ്റ്റിസ് ആക്ട് വെച്ച് നിങ്ങൾ പട്ടം പറത്തുകയാണോ?” എന്ന് ഹൈക്കോടതി പ്രോസിക്യൂഷനോടും പൊലീസിനോടും ചോദിച്ചു. കുറഞ്ഞത് ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് മാത്രമാണ് ഇത്തരം കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സാധിക്കുക എന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രാഥമിക കാര്യങ്ങൾ പോലും അറിയാതെയാണോ ഉദ്യോഗസ്ഥർ ഈ സ്ഥാനത്ത് ഇരിക്കുന്നതെന്നും ഈ കേസിന് എന്താണ് ഇത്ര പ്രത്യേകതയെന്നും വിചാരണവേളയിൽ ചോദിച്ചു.
കേസിൽ ക്രൈം തന്നെ നിലനിൽക്കില്ലെന്നും ഒരു ദിവസം മൂന്നും നാലും തവണയാണ് പൊലീസ് റിപ്പോർട്ട് തിരുത്തി സമർപ്പിച്ചതെന്നും കോടതി വിമർശിച്ചു. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കരുതെന്നും അതിൻ്റെ പേരിൽ നിയമപുസ്തകത്തിൽ ഇല്ലാത്ത കാര്യങ്ങൾ ചെയ്യരുതെന്നും ഉദ്യോഗസ്ഥർക്ക് കോടതി കർശന നിർദ്ദേശം നൽകി.
അപ്പീലിൽ ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടെന്നും കേസിന്റെ ചരിത്രത്തിൽ തന്നെയില്ലാത്ത കാര്യങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയ കോടതി, ഹർജി നൽകിയതിന് പിഴ ചുമത്താതിരിക്കാൻ കാരണം ബോധിപ്പിക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.





