Wayanad

സ്കൂൾ കഴിഞ്ഞ് വരുമ്പോൾ കമുക് ഒടിഞ്ഞുവീണു; ഏഴ് വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്

Please complete the required fields.




കൽപറ്റ: കനത്ത കാറ്റിൽ കമുക് ഒടിഞ്ഞുവീണ് തലയ്ക്കു ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 7 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഉദാരമതികളുടെ കാരുണ്യം തേടി കുടുംബവും നാട്ടുകാരും. വെള്ളമുണ്ട ഒഴുക്കൻമൂല മാടപ്പള്ളികുന്നേൽ സുനീഷിന്റെ മകൻ ആൽബർട്ടോ റെയ്ഡൻ ജോസഫിനാണ് വിദഗ്ധ ചികിത്സയ്ക്കായി സാമ്പത്തിക സഹായം ആവശ്യമായി വന്നിരിക്കുന്നത്.

ഒക്ടോബർ ഒന്നിന് വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. കുട്ടിയുടെ വലിയച്ഛൻ മുന്നിലും അമ്മ അഷിത പിന്നിലുമായി നടന്നുപോകുമ്പോഴാണ് ശക്തമായ കാറ്റിൽ കമുക് ഒടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് പതിച്ചത്. പഞ്ചായത്തിലെ 19-ാം വാർഡിൽ മാത്രം ഉണ്ടായ അപൂർവ കാലാവസ്ഥാ പ്രതിഭാസത്തെ തുടർന്നുള്ള പേമാരിയിലും കനത്ത കാറ്റിലുമാണ് അപകടമുണ്ടായത്.

ആദ്യം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമായി ഇതുവരെ നാല് ശസ്ത്രക്രിയകൾ കഴിഞ്ഞു. ഇനിയും രണ്ടു പ്രധാന ശസ്ത്രക്രിയകൾ കൂടി നടത്തേണ്ടതുണ്ട്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും ചികിത്സയോട് പ്രതികരിക്കുന്നുണ്ട്. ഇതിനകം ചികിത്സയ്ക്കായി 15 ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു. മാസങ്ങളോളം തുടർചികിത്സയും വർഷങ്ങളോളം നിരീക്ഷണവും ആവശ്യമുള്ളതിനാൽ ഏകദേശം 50 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

ഹൃദ്രോഗിയായ പിതാവ് സുനീഷിന്റെ കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാർ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക, പി.ജെ. വിൻസന്റ്, ടി. നാസർ എന്നിവർ ഭാരവാഹികളായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടിയുടെ ചികിത്സയ്ക്കായി കാനറ ബാങ്കിന്റെ തരുവണ ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button