India

ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം

Please complete the required fields.




തെന്നിന്ത്യന്‍ ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം. എണ്‍പതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നായികനടി സ്മിതയായിരുന്നു. അഭിനയശേഷി ഉണ്ടായിട്ടും മാദകനടിയായി ഒതുങ്ങേണ്ടി വന്നു സില്‍ക്ക് സ്മിതയ്ക്ക്.

വശ്യസുന്ദരമായ നയനങ്ങളും മോഹിപ്പിക്കുന്ന ഭാവവുമായി പ്രേക്ഷകഹൃദയം കവര്‍ന്ന താരമായിരുന്നു സില്‍ക്ക് സ്മിത. മേക്കപ്പ് സഹായിയായും ജൂനിയര്‍ ആര്‍ട്ടിസ്റ്റായും സിനിമകളിലെത്തിയ വിജയലക്ഷ്മി എന്ന ആന്ധ്രാക്കാരി ആന്റണി ഈസ്റ്റ്മാന്റെ ‘ഇണയെത്തേടി’ എന്ന ചിത്രത്തിലാണ് സ്മിതയെന്ന പേരില്‍ അവതരിക്കുന്നത്. ‘വണ്ടിച്ചക്രം’ എന്ന തമിഴ് സിനിമയില്‍ സില്‍ക്ക് എന്ന കഥാപാത്രം അവതരിപ്പിച്ചതോടെ സില്‍ക്ക് സ്മിതയായി മാറി.

സിനിമയുടെ വിജയം ഉറപ്പാക്കുന്ന ഫോര്‍മുലയിലേക്ക് സില്‍ക്ക് സ്മിതയെ വിളക്കിച്ചേര്‍ക്കാന്‍ അക്കാലത്ത് സിനിമാക്കാര്‍ മത്സരിച്ചു. നായികയേക്കാള്‍ പ്രതിഫലം പറ്റുന്ന നര്‍ത്തകിയായി അവര്‍ മാറി. ഒരേസമയം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലെല്ലാം വിപണിമൂല്യമുള്ള താരമായി സില്‍ക്ക് സ്മിത ഉയര്‍ന്നു.

പതിനെട്ട് വര്‍ഷം നീണ്ട അഭിനയജീവിതത്തില്‍ ഗ്ലാമര്‍ റോളുകള്‍ക്കപ്പുറം സ്മിതയുടെ അഭിനയ മികവ് പ്രയോജനപ്പെടുത്തിയ സിനിമകളുമുണ്ടായി. അഥര്‍വത്തിലെ പൊന്നിയും സ്ഫടികത്തിലെ ലൈലയുമെല്ലാം ആ കൂട്ടത്തില്‍പ്പെട്ടവയാണ്. അഭ്രപാളിയിലെ സുന്ദരിയുടെ ജീവിതം വിഷാദഭരിതമായിരുന്നുവെന്ന് അറിഞ്ഞത് ജീവിതത്തിന്റെ അവസാന ടേക്കിന് ആത്മഹത്യയിലൂടെ കട്ട് പറഞ്ഞപ്പോഴായിരുന്നു. 1996 സെപ്തംബര്‍ 23-ലെ രാത്രിയില്‍, 36-ാം വയസ്സില്‍ സ്മിത വിട വാങ്ങിയപ്പോള്‍ മാത്രമാണ് സ്മിതയുടെ വ്യഥകളെപ്പറ്റി ലോകം അറിഞ്ഞത് . സിനിമയുടെ വെള്ളിവെളിച്ചത്തില്‍ പൊന്നിയെ പോലെയും ലൈലയെ പോലെയും മറ്റൊരു അസ്തിത്വം അവര്‍ കൊതിച്ചിട്ടുണ്ടാകില്ലേ…

Related Articles

Back to top button