
മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ ഗോള്‍ നേടിയതോടെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലെ എക്കാലത്തെയും ടോപ് സ്‌കോറര്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഹാലന്‍ഡ്. അറുപതാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വലയില്‍ പന്തെത്തിച്ചതോടെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ എട്ടാം ഗോളാണ് നോര്‍വെ സ്‌ട്രൈക്കര്‍ കണ്ടെത്തിയത്. ഏഴ് ഗോളുകളുമായി മുന്‍ സിറ്റി താരം സെര്‍ജിയോ അഗ്യുറോയും മുന്‍ യുനൈറ്റഡ് താരം വെയിന്‍ റൂണിയുമാണ് രണ്ടാം സ്ഥാനത്ത്. റൂണി 21 മത്സരങ്ങളില്‍ നിന്നാണ് ഏഴ് ഗോളുകള്‍ നേടിയതെങ്കില്‍ അഗ്യുറോയുടേത് പതിമൂന്ന് മത്സരങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ സിറ്റി സ്‌ട്രൈക്കര്‍ എട്ട് മത്സരങ്ങളില്‍ നിന്നാണ് എട്ട് ഗോളുകള്‍ നേടിയത്.
2022 ലാണ് ഏര്‍ലിങ് ഹാലന്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തുന്നത്. സിറ്റിയിലെത്തിയ ആ സീസണില്‍ തന്നെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഹാട്രിക്ക് നേടിക്കൊണ്ടാണ് അദ്ദേഹം വരവറിയിച്ചത്. മത്സരം 6-3ന് സിറ്റി ജയിച്ചു. അതിന് ശേഷം എല്ലാ സീസണിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ഹാലന്‍ഡ് ഗോളടിക്കാറുണ്ട്. 2025 സെപ്തംബര്‍ 14-ന് നടന്ന ഡെര്‍ബിയില്‍ ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ സിറ്റി 3-0ന് യുനൈറ്റഡിനെ തകര്‍ത്തിരുന്നു.





