വേർപിരിയാത്ത സ്നേഹം മരണത്തിലും ഒപ്പം; 12 മണിക്കൂർ വ്യത്യാസത്തിൽ അടുത്തടുത്ത വീടുകളിൽ ജീവൻ വെടിഞ്ഞ് സഹോദരിമാർ

കൊച്ചി: മണിക്കൂറുകളുടെ ഇടവേളയിൽ സഹോദരിമാർ അടുത്തടുത്ത വീടുകളിൽ മരണപ്പെട്ടു. ആലുവ ചെങ്ങമനാട് നെടുവന്നൂർ പെരിങ്ങാടത്ത് തങ്ക ദാസൻ (64), അനുജത്തി ലീല (52) എന്നിവരാണ് 12 മണിക്കൂർ വ്യത്യാസത്തിൽ അന്തരിച്ചത്. ഇരുവരും ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു തങ്കയുടെ മരണം സംഭവിച്ചത്. ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു അന്ത്യം. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ പത്തരയോടെ ലീലയും മരണത്തിന് കീഴടങ്ങി.
നെടുവന്നൂരിൽ അടുത്തടുത്ത വീടുകളിലായിരുന്നു ഇരുവരുടെയും താമസം. ലീലയുടെ മൃതദേഹം ഇന്നലെ കുറച്ചുസമയം സ്വന്തം വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ തങ്കയുടെ വീട്ടിലെത്തിച്ചു. തുടർന്ന് ഇരുവരുടെയും മരണാനന്തര ചടങ്ങുകൾ ഒരുമിച്ച് നടത്തി വൈകിട്ടോടെ സംസ്കാരം പൂർത്തിയാക്കി.
പരേതരായ കുഞ്ഞയ്യപ്പന്റെയും വള്ളിക്കുട്ടിയുടെയും മക്കളാണ് തങ്കയും ലീലയും. ചേർത്തല പാണാവള്ളി സ്വദേശിയായ പരേതനായ ദാസനാണ് തങ്കയുടെ ഭർത്താവ്. ധനീഷ്, ധന്യ എന്നിവരാണ് തങ്കയുടെ മക്കൾ. മരുമകൻ: രാജേഷ്. ലീല അവിവാഹിതയാണ്.





