India

വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ കമന്‍റേറ്ററായി അരങ്ങേറ്റം കുറിക്കാൻ അജിങ്ക്യാ രഹാനെ, ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ കമന്‍റേറ്ററാകും

Please complete the required fields.





മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ റോളിൽ ആരാധകർക്ക് മുന്നിലെത്താനൊരുങ്ങി മുൻ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഓഗസ്റ്റ് 15 മുതൽ 27 വരെ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലൂടെ രഹാനെ കമന്‍റേറ്ററായി അരങ്ങേറ്റം കുറിക്കും.

സോണി സ്പോർട്സ് നെറ്റ്‌വർക്കിലൂടെയാണ് താരം കമന്‍ററി ബോക്സിലേക്ക് ചുവടുവെക്കുന്നത്. 18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് രഹാനെ അടുത്തിടെ തിരശ്ശീലയിട്ടത്. ഇന്ത്യയ്ക്കായി 85 ടെസ്റ്റ് മത്സരങ്ങളിൽ കുപ്പായമണിഞ്ഞ താരം 12 സെഞ്ചുറികളും 26 അർധസെഞ്ചുറികളും അടക്കം 5,077 റൺസ് നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലെ അനുഭവസമ്പത്തും മത്സര സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്താനുള്ള പാടവവും കമന്‍ററി ബോക്സിൽ ആരാധകർക്ക് പുതിയ അനുഭവമായിരിക്കും.തന്‍റെ പുതിയ ദൗത്യത്തിൽ ഏറെ ആവേശഭരിതനാണെന്ന് അജിങ്ക്യ രഹാനെ പ്രതികരിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ഏത് കായികതാരത്തിനും പരമോന്നതമാണ്. വർഷങ്ങളോളം ഇന്ത്യയെ ഈ ഫോർമാറ്റിൽ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്.

ഇനി വ്യത്യസ്തമായൊരു റോളിൽ കളി കാണാനും വിശകലനം ചെയ്യാനും സാധിക്കുന്നതിൽ സന്തോഷമുണ്ട്. മത്സര തന്ത്രങ്ങളും നിർണായക നിമിഷങ്ങളും ആരാധകരിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും- രഹാനെ വ്യക്തമാക്കി.രഹാനെയുടെ സാന്നിധ്യം സോണി സ്പോർട്സിന്‍റെ പ്രക്ഷേപണത്തിന് കൂടുതൽ മികവേകുമെന്ന് സോണി പിക്ചേഴ്സ് നെറ്റ്‌വർക്സ് ഭാരവാഹി രാജേഷ് കൗൾ പറഞ്ഞു. ഓഗസ്റ്റ് 15-ന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം.

Related Articles

Back to top button