Kozhikode

വടകര എംഡിഎംഎ കേസ്: 15 ലക്ഷത്തിന്റെ പണമിടപാട്, ലഹരിപ്പണം അക്കൗണ്ടിലെത്തിയാൽ നിമിഷങ്ങൾക്കകം റൂട്ട് മാറും, കീർത്തന റിമാൻഡിൽ

Please complete the required fields.




വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലെ പ്രതിയായ കീർത്തനയെ കോടതി റിമാൻഡ് ചെയ്തു. പേരാമ്പ്ര ബിആർസി അധ്യാപികയാണ് കീർത്തന. വടകര എൻഡിപിഎസ് കോടതിയാണ് റിമാൻഡ് ഉത്തരവിട്ടത്.

പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് അന്വേഷണ സംഘം ഇവരെ കോടതിയിൽ ഹാജരാക്കി. നേരത്തെ വടകര കോടതിയിൽ പൊലീസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കോടതി അനുമതിയോടെ പ്രതിയുടെ മുൻകൂർ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിലെ എം.ഡി.എം.എ. വിൽപന സംഘങ്ങളുമായി കീർത്തന 15 ലക്ഷം രൂപയോളം ബാങ്ക് ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തി. അക്കൗണ്ടിലേക്ക് ലഭിക്കുന്ന തുകയിൽ ഒരു ഭാഗം കമ്മീഷനായി എടുത്ത് ബാക്കി തുക കേസിൽ നേരത്തെ അറസ്റ്റിലായ ജിജിൻ കുര്യാക്കോസിന് കൈമാറുന്നതായിരുന്നു രീതി.

അക്കൗണ്ടിൽ പണം എത്തിയാൽ വളരെ വേഗത്തിൽ അത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് പൊലീസ് ഇടപാടുകളുടെ വിശദാംശങ്ങൾ ശേഖരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി കീർത്തന പൂർണമായി സഹകരിച്ചില്ല. എന്നാൽ ശാസ്ത്രീയ തെളിവുകളും ബാങ്ക് രേഖകളും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്.

കീർത്തനയുമായി പണമിടപാട് നടത്തിയ മുഖ്യ കണ്ണി ജിജിൻ കുര്യാക്കോസ് ആണ്. ഒരു കോടിയോളം രൂപയുടെ ഇടപാടുകളാണ് ജിജിന്റെ അക്കൗണ്ട് വഴി നടന്നത്. ഇക്കഴിഞ്ഞ മെയ് 20ന് മണിയൂർ തുറശ്ശേരി കടവ് സ്വദേശി തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെ 13.56 ഗ്രാം എം.ഡി.എം.എയുമായി പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിജിന് പണം അയച്ചു നൽകിയതെന്ന് പൊലീസ് കണ്ടെത്തിയത്. കുട്ടികളെ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button