Thiruvananthapuram

അതിതീവ്രമഴ മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടർന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധിയും പ്രഖ്യാപിച്ചു. തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതാണ് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റന്നാൾ വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഓറഞ്ച് അലർട്ടുള്ള ജില്ലകൾ

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ 9 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും 20 സെന്റീമീറ്റർ വരെ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ രൂക്ഷമായതിനെ തുടർന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ 10 ജില്ലകളിലെ സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി.

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരത്തെ കുറിച്ച് തീരുമാനമെടുക്കാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും വീടും ജീവനോപാധിയും പൂർണമായി നഷ്ടമായവർക്കുമുള്ള ധനസഹായ തുക യോഗത്തിൽ നിശ്ചയിക്കും. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും യോഗം വിലയിരുത്തും.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്തനംതിട്ടയിലെ മഴക്കെടുതി ബാധിച്ച വിവിധ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. നാശനഷ്ടങ്ങളുടെ കണക്കുകൾ തയ്യാറാക്കാനും അടിയന്തര സഹായം എത്തിക്കാനും നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും നദീതീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും വിനോദസഞ്ചാര യാത്രകളും പൂർണ്ണമായും ഒഴിവാക്കുക. ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്.

Related Articles

Back to top button