കോഴിക്കോട് ഒറ്റക്ക് നടന്ന് പോകുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് കവർച്ച; നരിക്കുനി സ്വദേശി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഒറ്റക്ക് നടന്ന് പോകുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് കവർച്ച നടത്തിയ സംഘത്തിലെ ഒരാളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. നരിക്കുനി ചെമ്പക്കുന്ന് സ്വദേശി പുത്തൻവീട്ടിൽ മണികണ്ഠൻ (25) ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കൽ കോളേജ് എ.സി.പി. ബിജുവിന്റെ നേതൃത്വത്തിൽ കുന്ദമംഗലം ഇൻസ്പെക്ടർ കിരണും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം 19-ന് രാവിലെ വരട്ട്യാക്ക് ചേലൂർ തടായി റോഡിലൂടെ ഒറ്റക്ക് നടന്നുപോകുകയായിരുന്ന സ്ത്രീയുടെ ഏകദേശം ഒരു പവൻ തൂക്കമുള്ള സ്വർണമാലയാണ് മോട്ടോർ സൈക്കിളിലെത്തിയ സംഘം കവർന്നത്. കവർച്ച നടത്തിയ ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതികൾ വിവിധ ഉൾവഴികളിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് നരിക്കുനിക്ക് സമീപമുള്ള മണികണ്ഠന്റെ വീട്ടിലെത്തി.
കവർച്ചാ സമയത്ത് വാഹനത്തിന്റെ നമ്പർ മറച്ചുവെച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സമാന രീതിയിൽ കോഴിക്കോട് റൂറലിൽ രണ്ടും സിറ്റിയിൽ കുന്ദമംഗലം സ്റ്റേഷൻ പരിധിയിൽ രണ്ടും കവർച്ചകൾ നടന്നിരുന്നു. ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടുള്ളതായതിനാൽ പോലീസ് അന്വേഷണം അതീവ ഗൗരവത്തോടെയാണ് മുന്നോട്ട് കൊണ്ടുപോയത്.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് 200-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നൂറോളം വാഹനങ്ങൾ പരിശോധിക്കുകയും സമാന കേസുകളിലെ പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്ക് എത്തിയത്.
അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയ പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. പിന്തുടർന്ന് പോലീസ് സംഘം തമിഴ്നാട്ടിലെത്തിയെങ്കിലും മണികണ്ഠൻ കേരളത്തിലേക്ക് തിരിച്ച വിവരം ലഭിച്ചു. തുടർന്ന് ക്രൈം സ്‌ക്വാഡ് അംഗങ്ങൾ തിരിച്ചെത്തി കോഴിക്കോട് പാവമണി റോഡിൽ വെച്ച് പ്രതിയെ വലയിലാക്കി.
അറസ്റ്റിലായ മണികണ്ഠനെ ചോദ്യം ചെയ്തതിലൂടെ 4 കേസുകൾക്ക് തുമ്പുണ്ടായി. മുഖ്യപ്രതിക്ക് കച്ചവടത്തിൽ ഉണ്ടായ നഷ്ടം നികത്താനും പുതിയ ബിസിനസ് ആരംഭിക്കാനും പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കവർച്ചകൾ ആസൂത്രണം ചെയ്തത്. ഇതിനായി സുഹൃത്തായ മണികണ്ഠന് പണം വാഗ്ദാനം ചെയ്ത് കൂടെ കൂട്ടുകയായിരുന്നു.ഒളിവിലുള്ള മുഖ്യപ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും.
കുന്ദമംഗലം എസ്.ഐ മാത്യു, സിപിഒമാരായ അരുൺ പ്രസാദ്, ശ്രീജിത്ത്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, സൈബർ വിദഗ്ദൻ സനൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.





