ഇനി ഞായറാഴ്ച വരെ കലിതുള്ളി മഴ…! കണ്ണൂർ, കോഴിക്കോട്, വയനാട്ടുകാർ ശ്രദ്ധിക്കുക, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ മലപ്പുറം, പാലക്കാട്, തൃശൂർ ഒഴികെയുള്ള 11 ജില്ലകളിലും, മറ്റന്നാൾ കാസർഗോഡ്, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ലെങ്കിലും, വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ വീണ്ടും ശക്തമാവുകയാണ്.
അതേസമയം ഇന്ന് മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഉടൻ മാറിത്താമസിക്കേണ്ടതാണ്.അടിയന്തര ഘട്ടങ്ങളിൽ സഹായങ്ങൾക്കായി എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.





