വടകരയിലെ എംഡിഎംഎ കേസ്; ലഹരിപണം പോയത് ഒരൊറ്റ വ്യക്തിയിലേക്ക്? അധ്യാപികമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടും, വയനാട് സ്വദേശിക്കായി അന്വേഷണം

കോഴിക്കോട്: സ്പെഷ്യലിസ്റ്റ് അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ലഹരിവിൽപ്പനയിൽ നിന്ന് ലഭിച്ച കോടികളുടെ പണം പോയത് ഒരൊറ്റ വ്യക്തിയിലേക്കാണെന്ന സംശയത്തിൽ പൊലീസ്. വയനാട് സ്വദേശിയായ യുവാവാണ് എംഡിഎംഎയുടെ മൊത്തവിതരണക്കാരനെന്നും ഇയാളുടെ ശൃംഖലയിലെ ചെറിയ കണ്ണികൾ മാത്രമാണ് ഇപ്പോൾ അറസ്റ്റിലായതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കേരളം വിട്ട മൊത്തവിതരണക്കാരനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ നേരത്തെ അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജിൽ കുര്യാക്കോസ്, ലഹരിവിൽപ്പനയിൽ നിന്ന് കിട്ടിയ പണമെല്ലാം ഇയാൾ നിർദേശിച്ച അക്കൗണ്ടുകളിലേക്കാണ് അയച്ചത്. ക്യു.ആർ. കോഡ് വഴിയും നേരിട്ടുള്ള അക്കൗണ്ട് ട്രാൻസ്ഫറായും പണം നൽകിയിട്ടുണ്ട്.ഇത് വാടക അക്കൗണ്ടുകളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത്തരത്തിൽ ഒരു കോടിയിലേറെ രൂപ ജിജിൽ മൊത്തവിതരണക്കാരന് അയച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവരുടെ അക്കൗണ്ടുകളിലും ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും എംഡിഎംഎ ഇടപാടിന്റെ പണമാണ്.
വടകരയിൽ അറസ്റ്റിലായ സഫ്വാൻ 5000 രൂപ കീർത്തനയുടെ അക്കൗണ്ടിലേക്ക് അയച്ചതായും തെളിവ് ലഭിച്ചു. മൊത്തവിതരണക്കാരന് കീഴിൽ ജിജിലിനെയും അറസ്റ്റിലായ അധ്യാപികമാരെയും പോലെ കൂടുതൽ ഇടനിലക്കാർ ഉണ്ടാകാമെന്നാണ് പൊലീസ് നിഗമനം. ഇയാളെ പിടികൂടിയാൽ മാത്രമേ മുഴുവൻ ശൃംഖലയിലേക്കും എത്താനാകൂ.സമീപകാലത്ത് എംഡിഎംഎ മാഫിയ സ്വീകരിക്കുന്ന പുതിയ രീതിയാണിത്. ഉപയോഗിക്കുന്നവരിൽ ചിലരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം കൈപ്പറ്റി യഥാർത്ഥ മാഫിയ പിടിക്കപ്പെടാതെ രക്ഷപ്പെടുകയാണ് ചെയ്യുന്നത്.ഒരു അക്കൗണ്ടിലേക്ക് മാത്രം 100-ലേറെ പേർ പണം അയച്ചിട്ടുണ്ട്.
കൂടുതലും 2000 രൂപയുടെയും 1000 രൂപയുടെയും ഇടപാടുകളാണ്. അറസ്റ്റിലായവരുടെ അക്കൗണ്ടിലേക്ക് ആറുമാസത്തിനിടെ കോടികളുടെ ഇടപാട് നടന്നിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ ഇവർ വിദേശ നമ്പറുകളും മറ്റുള്ളവരുടെ എടിഎം കാർഡുകളും ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തികിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. അറസ്റ്റിലായവർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കിൽ എൻഡിപിഎസ് ആക്ട് പ്രകാരം കണ്ടുകെട്ടുമെന്ന് ഡിഐജി അറിയിച്ചു.





