Kozhikode

പരീക്ഷയ്ക്ക് പോകുംവഴി വിധി കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ; തീരാനോവായി പെരുവയൽ വൈഷ്ണവിന്റെ വേർപാട്

Please complete the required fields.




കോഴിക്കോട്: കുറ്റിപ്പുറത്തെ സ്വകാര്യ ബസ് അപകടത്തിൽ പൊലിഞ്ഞത് ഒരു ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളായിരുന്നു. പെരുവയൽ ചെറുകുളത്തൂർ മാവണ്ണൂർ പടിക്കൽ സ്വദേശി വൈഷ്ണവിന്റെ അപ്രതീക്ഷിത വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തി.

തിരുവനന്തപുരം ദേവസ്വം ബോർഡിലെ പരീക്ഷ എഴുതാനായി ജ്യേഷ്ഠൻ വൈശാഖിനൊപ്പം ഞായറാഴ്ച രാവിലെയാണ് 31കാരനായ വൈഷ്ണവ് തൃശൂരിലേക്ക് യാത്ര തിരിച്ചത്. എന്നാൽ ദേശീയപാതയിൽ കുറ്റിപ്പുറത്ത് വെച്ചുണ്ടായ സ്വകാര്യ ബസ് അപകടം അവരുടെ ജീവിതം മാറ്റിമറിച്ചു.
അപകട വിവരം വേഗത്തിൽ പുറത്തുവന്നെങ്കിലും ദുരന്തത്തിൽപ്പെട്ടത് തങ്ങളുടെ പ്രിയപ്പെട്ടവനാണെന്ന് ചെറുകുളത്തൂർ നാട്ടുകാർ അറിഞ്ഞത് വൈകിയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജ്യേഷ്ഠൻ വൈശാഖ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ടൈൽസ് പണിക്കിടയിലും പി.എസ്.സി മത്സരപരീക്ഷകൾക്കായി കഠിനമായി പരിശ്രമിക്കുകയായിരുന്നു വൈഷ്ണവ്. ദേവസ്വം ബോർഡ് പരീക്ഷയിൽ ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹം തയ്യാറെടുപ്പുകൾ നടത്തിയത്. തനിക്ക് ജോലി കിട്ടുമെന്ന ആത്മവിശ്വാസം സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കുവെച്ചിരുന്നു.

നാട്ടിലെ ഏത് വിശേഷ പരിപാടികൾക്കും മുൻപന്തിയിൽ ഉണ്ടായിരുന്ന വൈഷ്ണവിന്റെ വിയോഗം സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഇന്നലെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിയുകയായിരുന്നു.
ഇന്നലെ രാവിലെ 10: 30 മണിയോടു കൂടിയാണ് അപകടം. അപകടത്തിൽ ബസിൽ നിന്ന് തെറിച്ചുവീണ ഒരാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് കുറ്റിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ നടുഭാഗം പൂർണമായും തകർന്നിരുന്നു.ബസിന്‍റെ പിൻഭാഗം പൊളിച്ചാണ് മുഴുവൻ യാത്രക്കാരെയും പുറത്തെത്തിച്ചത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ഡിഫെൻഡർ’ ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്.

Related Articles

Back to top button