കാമുകന്റെ മൃതദേഹം കഷണങ്ങളാക്കി ബാത്ത്റൂമിലെ ഡ്രമ്മിൽ തള്ളി; പൈപ്പ് തുറന്നുവിട്ട് കാമുകി കടന്നുകളഞ്ഞു

മുംബൈ: പൂട്ടിക്കിടന്ന ഫ്ലാറ്റിലെ ബാത്ത്റൂമിലെ ഡ്രമ്മിനുള്ളിൽ യുവാവിന്റെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ മുംബൈ കല്യാണിൽ സ്ഥിതി ചെയ്യുന്ന മലാങ് റോഡിലെ നീൽകാന്ത് സൊസൈറ്റി അപ്പാർട്ട്‌മെന്റിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി ബാത്ത്റൂമിലെ പൈപ്പ് തുറന്നുവിട്ട ശേഷം പ്രതിയായ കാമുകി കൊൽക്കത്തയിലേക്ക് കടന്നുകളഞ്ഞതായാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഫ്ലാറ്റിനുള്ളിൽ നിന്ന് അതികഠിനമായ ദുർഗന്ധം ഉയർന്നതോടെയാണ് സമീപവാസികൾ മൻപാഡ പോലീസിനെ വിവരമറിയിച്ചത്. പൂട്ടിയിട്ട ഫ്ലാറ്റിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയ പോലീസ് സംഘം ബാത്ത്റൂമിൽ സൂക്ഷിച്ചിരുന്ന വലിയൊരു ഡ്രമ്മിനുള്ളിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയ നിലയിലായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വധിച്ച ശേഷം തെളിവ് നശിപ്പിക്കാനാണ് മൃതദേഹം ഡ്രമ്മിലാക്കി ബാത്ത്റൂമിലെ പൈപ്പ് തുറന്നുവിട്ടത്.വെള്ളം തുടർച്ചയായി ഒഴുകുന്നത് വഴി രക്തക്കറകളും മറ്റ് ഫോറൻസിക് തെളിവുകളും കഴുകിക്കളയാനും മൃതദേഹം വേഗത്തിൽ ജീർണിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത് ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സ്ത്രീ വീട്ടുടമസ്ഥന് അയച്ച വോയ്സ് മെസ്സേജാണ് കേസിൽ നിർണായക വഴിത്തിരിവായത്. ബാത്ത്റൂമിൽ മൃതദേഹമുണ്ടെന്നും പൈപ്പ് തുറന്നുവിട്ടിരിക്കുകയാണെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ഒളിവിൽ പോയ പ്രതിക്കായി കൊൽക്കത്തയിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.





