അയാള്‍ക്ക് വധശിക്ഷ കൊടുത്തതില്‍ ഒരുപാട് സന്തോഷം; അയാള്‍ അനുഭവിച്ച് ജയിലിനുള്ളില്‍ ഇരിക്കണം’; സുധാകരന്റെയും സജിതയുടെയും മക്കള്‍

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതില്‍ പ്രതികരണവുമായി സുധാകരന്റെയും സജിതയുടെയും മക്കള്‍. കോടതിയില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും അത് കാത്തുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. കോടതിക്കും അഭിഭാഷകര്‍ക്കും മാധ്യമങ്ങള്‍ക്കുമടക്കം എല്ലാവരോടും നന്ദി പറയുന്നുവെന്നും കുട്ടികള്‍ പറഞ്ഞു.
അയാള്‍ക്ക് വധശിക്ഷ കൊടുത്തതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴും അയാള്‍ക്ക് ഒരു മാറ്റവുമില്ല. അയാള്‍ക്ക് ഒന്നിലും പേടിയില്ല. അയാള്‍ അനുഭവിച്ച് അതിനുള്ളില്‍ ഇരിക്കണം. തൂക്ക് കയര്‍ കൊടുത്തതില്‍ സന്തോഷമുണ്ട്. പ്രതിഭാഗം അപ്പീലിന് പോയാല്‍ മറ്റുള്ള നടപടികള്‍ ഞങ്ങളും സ്വീകരിക്കും – മക്കള്‍ പറഞ്ഞു.
സ്വന്തം നാട്ടിലേക്ക് പോകുന്നില്ല എന്ന നിലപാടിലാണ് മക്കള്‍. അച്ഛന്റെയും എല്ലാവരുടേയും ഓര്മ ഞങ്ങള്‍ക്കുണ്ട്. പഴയ ഓര്‍മകളൊക്കെ വരുന്നത് വിഷമമാണ്. ഞങ്ങള്‍ അങ്ങോട്ട് പോകുന്നില്ല. പിഴയായി ലഭിക്കുന്ന തുക ആശ്വാസമാകും – അവര്‍ കൂട്ടിച്ചേര്‍ത്തു.
പിഴത്തുകയായ ഇരുപത് ലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വീതിച്ച് നല്‍കണമെന്നാണ് വിധി. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നും പ്രതിക്ക് മാനസാന്തരം ഉണ്ടാവാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. 2025 ജനുവരി 27നാണ് അയല്‍വാസികളായ അമ്മയേയും മകനേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.





