
ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യ സ്വകാര്യ ഭ്രമണപഥ റോക്കറ്റ് വിക്രം 1 ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആറോയുടെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ പാഡിൽ നിന്നാണ് “മിഷൻ ആഗമൻ” എന്ന് പേരിട്ട ദൗത്യം തുടങ്ങിയത്.
വിക്ഷേപണത്തിന് തൊട്ടുമുമ്പ് 5 മിനിറ്റ് ബാക്കിയുള്ളപ്പോൾ കൗണ്ട്ഡൗൺ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇത് ചെയ്തതെന്ന് സ്കൈറൂട്ട് എയറോസ്പേസ് അറിയിച്ചു. ഇൻസ്പേസിന്റെ പിന്തുണയോടെയാണ് മുഴുവൻ ദൗത്യവും നടക്കുന്നത്.
പൂർണമായും ഖര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്രം 1. 22 മീറ്റർ ഉയരമുള്ള ഈ റോക്കറ്റിന് താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം ഭാരം എത്തിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആദ്യ ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ ഉയരത്തിൽ എത്താനാണ് ലക്ഷ്യമിടുന്നത്.
ആദ്യ പരീക്ഷണ ദൗത്യമായതിനാൽ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ ഉൾപ്പെടുത്തിയിട്ടില്ല. 15 മിനിറ്റും 46 സെക്കൻഡും കൊണ്ട് ദൗത്യം പൂർത്തിയാകും. നാല് പ്രധാന പേ ലോഡുകളാണ് റോക്കറ്റിലുള്ളത്. ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഗ്രഹാ സ്പേസിന്റെ സോളാരസ് എസ് 3, കോസ്മോസെർവ് സ്പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റോബോ കൈ, സ്കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് സാറ്റ് എന്നിവയാണ് പ്രധാന പേ ലോഡുകൾ.
ജർമ്മൻ കമ്പനിയായ ഡിക്യൂബ്ഡ് സ്പേസിന്റെ ചെറു സാങ്കേതിക വിദ്യാ പരീക്ഷണവും ദൗത്യത്തിന്റെ ഭാഗമാണ്. ഇതിന് പുറമേ വിക്രം സാരാഭായി, സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ ഇത്തിരിക്കുഞ്ഞൻ പ്രതിമകളും റോക്കറ്റിൽ അയച്ചിട്ടുണ്ട്.
ഒരു അരിമണിയേക്കാൾ ചെറുതാണ് ഈ ശിൽപങ്ങൾ. ലാബിൽ നിർമ്മിച്ച ഡയമണ്ട് ആഭരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരുടെ ആശംസാ കാർഡുകളും റോക്കറ്റിലുണ്ട്.2018ലാണ് ഐഎസ്ആറോയിൽ നിന്ന് രാജിവെച്ച പവൻ കെ. ചന്ദനയും ഭരത് ഡാക്കയും ചേർന്ന് സ്കൈറൂട്ട് എയറോസ്പേസ് സ്ഥാപിച്ചത്.
2022 നവംബർ 18ന് രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസ് “മിഷൻ പ്രാരംഭ്” ദൗത്യത്തിൽ വിക്ഷേപിച്ചിരുന്നു. അത് ഉപഗ്രഹങ്ങൾ വഹിക്കാത്ത സബ് ഓർബിറ്റൽ ദൗത്യമായിരുന്നു. വിക്രം 1 വിജയിക്കുന്നതോടെ ഐഎസ്ആറോയ്ക്ക് പുറത്ത് ഉപഗ്രഹ വിക്ഷേപണ ശേഷി നേടുന്ന ആദ്യ ഇന്ത്യൻ സ്വകാര്യ കമ്പനിയായി സ്കൈറൂട്ട് മാറും.





