Kozhikode

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

Please complete the required fields.




കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.

കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണൻ കോടതിയെ സമീപിച്ചത്. അതേസമയം കേസിലെ പ്രധാന പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് ഹർജി നൽകിയത്.ജിതിന് ജാമ്യം ലഭിച്ചതിന് ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങൾ, പോലീസിനും സർക്കാരിനുമെതിരായ വെല്ലുവിളികൾ, പ്രകോപന മുദ്രാവാക്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

ഈ രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.എന്നാൽ ജാഥകളിലും സ്വീകരണ പരിപാടികളിലും പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പോലീസ് കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളിയത്.സാമൂഹ്യമാധ്യമങ്ങളിൽ മതപരമായ അധിക്ഷേപം അടങ്ങിയ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വടകര കാഫിർ കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പ്രചരണത്തിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്നും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കോടതിയുടെ ഇന്നത്തെ ഉത്തരവോടെ റിബേഷ് രാമകൃഷ്ണന് തൽക്കാലം അറസ്റ്റ് ഭീഷണി ഒഴിഞ്ഞു. അതേസമയം ജിതിൻ ഭാസ്കറിന് അനുകൂലമായ വിധി വന്നതോടെ കേസിലെ രാഷ്ട്രീയ ചർച്ചകളും സജീവമായിട്ടുണ്ട്.

Related Articles

Back to top button