India

ഹിന്ദു വിദ്യാർത്ഥിയായ രണ്ടാം രണ്ടാം ക്ലാസുകാരന്റെ ഡയറിയിൽ ‘കലിമയും ഫാത്തിഹയും’;സ്കൂളിനെതിരെ പരാതിയുമായി മാതാപിതാക്കൾ

Please complete the required fields.




ഹൈദരാബാദ്: ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ഹിന്ദു വിദ്യാർത്ഥിക്ക് ഇസ്ലാമിക പ്രാർത്ഥനകൾ ഹോംവർക്കായി നൽകിയതായി പരാതി. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

ആറ് വയസുകാരനായ കുട്ടി സ്കൂളിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ഹോംവർക്ക് ഡയറിയിൽ ‘ഒന്നാമത്തെയും രണ്ടാമത്തെയും കലിമയും’, ‘ഫാത്തിഹയും’ വായിച്ചു പഠിക്കാൻ നിർദ്ദേശിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു.കുട്ടിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി മതപരമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കരുതെന്ന് കാണിച്ച് മാതാപിതാക്കൾ സ്കൂൾ മാനേജ്‌മെന്റിനെ സമീപിക്കുകയായിരുന്നു.

മുൻപും സമാനരീതിയിൽ ഡയറിയിൽ എഴുതിയിരുന്നതായും പിന്നീട് അത് വെട്ടിമാറ്റിയതായും കുട്ടിയുടെ ബന്ധു വീഡിയോയിലൂടെ ആരോപിച്ചു. തുടക്കത്തിൽ ഇത് എല്ലാവർക്കും നിർബന്ധമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞെങ്കിലും, പിന്നീട് അധ്യാപികയ്ക്ക് സംഭവിച്ച അബദ്ധമാണെന്ന വിശദീകരണവുമായി മാനേജ്‌മെന്റ് രംഗത്തെത്തി. കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കുടുംബം വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

സംഭവം വിവാദമായതോടെ ബിജെപി നേതാക്കൾ കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുകയും സ്കൂളിനെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു. ആകെ 25 കുട്ടികളുള്ള ക്ലാസിലെ ഏക ഹിന്ദു വിദ്യാർത്ഥിയാണ് ഈ ആറുവയസുകാരൻ എന്ന് പോലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ അധ്യാപികയ്ക്ക് പറ്റിയ അബദ്ധമാണിതെന്ന് വ്യക്തമായിട്ടുണ്ടെന്നും, നിയമോപദേശം തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Back to top button