India

മുംബൈയിൽ കനത്ത മഴ തുടരുന്നു; മരം കടപുഴകി വീണ് വയോധികൻ മരിച്ചു, ഒട്ടേറെ ജില്ലകളിൽ റെഡ് അലർട്ട്

Please complete the required fields.




മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുംബൈ കുർളയിൽ മരം കടപുഴകി വീണ് യൂനുസ് കുണ്ഡവാല (65) എന്നയാളാണ് മരിച്ചത്. ശക്തമായ മഴയിൽ ഒരാഴ്ചയ്ക്കിടെ മുംബൈ നഗരത്തിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. ജൂൺ 30-ന് സ്‌കൂൾ ബസിന് മുകളിലേക്ക് മരം വീണ് 11 വയസുകാരൻ മരിച്ചിരുന്നു.

നിലവിൽ മുംബൈയിലെ പലയിടങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വരും മണിക്കൂറുകളിൽ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴയ്‌ക്കൊപ്പം 55 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലെ പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് നഗരത്തിലെ ബുള്ളറ്റ് ട്രെയിൻ തുരങ്ക നിർമാണം താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകി. പൂനെയിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് നിരവധി വാഹനങ്ങൾ തകർന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വെള്ളക്കെട്ടുകളിൽ നിന്ന് മാറി നിൽക്കണമെന്നും മുംബൈ മേയർ റിതു തവ്ഡെ വോർലി ജനങ്ങളോട് അഭ്യർത്ഥിച്ചു.

അതേസമയം, ഡൽഹിയിലും മോശം കാലാവസ്ഥയെ തുടർന്ന് എയർ ഇന്ത്യയുടേത് ഉൾപ്പെടെ 11 വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജ്ജിച്ച സാഹചര്യത്തിൽ ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Back to top button