Ernakulam

കുംഭമേള പെൺകുട്ടിയുടെ വിവാഹം: ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാൻ പോലീസിന് അനുമതി

Please complete the required fields.




കൊച്ചി: കുംഭമേളയിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ, ഭർത്താവ് മുഹമ്മദ് ഫർമാന് തിരിച്ചടി. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഫർമാൻ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. ഇതോടെ ഫർമാനെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമില്ലാതായി. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാരോപിച്ച് മധ്യപ്രദേശ് പോലീസ് ഫർമാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിൽ മധ്യപ്രദേശിലെ പ്രത്യേക കോടതിയിൽ ജാമ്യത്തിനായി ശ്രമിക്കാൻ നേരത്തെ ഹൈക്കോടതി ഫർമാന് ഒരു മാസത്തെ സാവകാശം നൽകുകയും ആ കാലയളവിൽ അറസ്റ്റ് തടയുകയും ചെയ്തിരുന്നു.

എന്നാൽ, മഹേശ്വറിലെ പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്, അറസ്റ്റ് വിലക്ക് നീട്ടണമെന്നാവശ്യപ്പെട്ടാണ് ഫർമാൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ അപേക്ഷ തള്ളിയത്.

കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരം പൂവാറിലെ ക്ഷേത്രത്തിൽ വെച്ചാണ് ഇവർ വിവാഹിതരായത്. പിതാവ് തന്നെ നിർബന്ധിത വിവാഹത്തിന് പ്രേരിപ്പിക്കുന്നുവെന്നും കാമുകനൊപ്പം പോകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി അന്ന് പോലീസിനെ സമീപിച്ചിരുന്നു. പെൺകുട്ടിയുടെ താൽപ്പര്യം മാനിച്ച് അന്ന് കോടതി അവളെ വിട്ടയച്ചിരുന്നു. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പോലീസ് കേരളത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button